ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. പെഗാസസ് വിഷയത്തിൽ കേന്ദ്രം പ്രതിരോധത്തിലായിരിക്കെയാണ് രാഹുലിന്‍റെ പ്രതികരണം.
'നമുക്കറിയാം അയാൾ എന്തെല്ലാമാണ് വായിച്ചിട്ടുണ്ടാകുകയെന്ന് -നമ്മുടെ ഫോണിലുള്ളതെല്ലാം' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഇസ്രായേൽ കമ്പനി ഫോൺ ചോർത്തിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ലോക്സഭയിലും രാജ്യസഭയിലും വിഷയം ചർച്ചയാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. തിങ്കളാഴ്ച ആരംഭിച്ച വർഷകാല സമ്മേളത്തിൽ സഭ നിർത്തിവെക്കുകയും ചെയ്തിരുന്നു.
പെഗാസസ് റിപ്പോർട്ടുകൾ പുറത്തുവരുന്നതിന് മുമ്പ് ഇതിന്‍റെ സൂചനകൾ നൽകി ജൂലൈ 16ന് രാഹുൽ ഗാന്ധി ഒരു ട്വീറ്റ് ചെയ്തിരുന്നു. 'ഈ ദിവസങ്ങളിൽ നിങ്ങൾ എന്തെല്ലാമാണ് വായിക്കുന്നതെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു'വെന്നായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. കൂടാതെ നിരവധി പേർ പെഗാസസുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ പുറത്തുവരുന്നതിന് മുമ്പ് സൂചനകൾ പങ്കുവെച്ച് ട്വീറ്റ് ചെയ്തിരുന്നു.
ഇതോടെ പെഗാസസ് േഫാൺ ചോർത്തൽ കേന്ദ്രസർക്കാറിന് പുതിയ തലവേദനയാകും. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശപ്രവർത്തകർ തുടങ്ങി 300ഓളം പേരുടെ ഫോൺ ഇസ്രായേൽ കമ്പനി ചോർത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. 40 മാധ്യമപ്രവർത്തകർ, മൂന്നു പ്രമുഖ പ്രതിപക്ഷനേതാക്കൾ, ജുഡീഷ്യറിയിലെ ഒരു പ്രമുഖൻ, മോദി സർക്കാറിലെ രണ്ടു മന്ത്രിമാർ, ഇന്ത്യൻ സുരക്ഷ ഏജൻസികളുടെ നിലവിലുള്ളവരും വിരമിച്ചവരുമായ മേധാവികൾ, ഉദ്യോഗസ്ഥർ, വ്യവസായപ്രമുഖർ എന്നിവർ ചാരവൃത്തിക്ക് ഇരയായതായാണ് പുറത്തുവന്ന വിവരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.