ന്യൂഡൽഹി: ട്രെയിൻ അപകടങ്ങളിൽ നൽകുന്ന ധനസഹായം പത്തുമടങ്ങ് വർധിപ്പിച്ച് റെയിൽവേ ബോർഡ്. പുതുക്കിയ സഹായം സെപ്റ്റംബർ 18ന് പ്രാബല്യത്തിലായി. പുതുക്കിയ കണക്കനുസരിച്ച് ട്രെയിൻ അപകടങ്ങളിലും കാവലുള്ള ലെവൽ ക്രോസിലുണ്ടാകുന്ന അപകടങ്ങളിലും മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നൽകും. നിസ്സാര പരിക്കുകളുള്ളവർക്ക് 50,000 രൂപ ലഭിക്കും. മുമ്പ് ഇത് യഥാക്രമം 50000, 25000, 5000 രൂപ വീതമായിരുന്നു.
അനിഷ്ടസംഭവങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്ക് ഒന്നര ലക്ഷം രൂപ നൽകും. തീവ്രവാദി ആക്രമണം, ട്രെയിനിലെ കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളാണ് അനിഷ്ട സംഭവങ്ങളായി കണക്കാക്കുന്നത്. 2013ലാണ് ധനസഹായ തുക ഒടുവിൽ വർധിപ്പിച്ചത്. ട്രെയിൻ അപകടങ്ങളിൽ പരിക്കേറ്റ് 30 ദിവസത്തിലധികം ആശുപത്രിയിൽ കഴിയേണ്ടിവരുന്നവർക്ക് പ്രതിദിനം 3,000 രൂപവെച്ച് അധിക സഹായം നൽകും. ആക്രമണം പോലുള്ള സംഭവങ്ങളിലാണെങ്കിൽ ഇത് പ്രതിദിനം 1,500 രൂപയായിരിക്കും.
ആളില്ലാ ലെവൽക്രോസിലെ റോഡ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളിൽ പെടുന്നവർക്ക് സഹായധനമൊന്നും ലഭിക്കില്ല. അതിക്രമിച്ചുകടന്ന് അപകടത്തിൽ പെടുന്നവർക്കും ട്രെയിനുകളിൽ വൈദ്യുതിയെത്തിക്കുന്ന ഉപകരണങ്ങൾ വഴി ഷോക്കേൽക്കുന്നവർക്കും സഹായധനം ഉണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.