representational image

ട്രെയിൻ യാത്രക്കിടെയുള്ള മോഷണത്തിന് റെയിൽവേ ഉത്തരവാദിയല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ട്രെയിനിൽ യാത്രചെയ്യുന്നതിനിടെ യാത്രക്കാരുടെ സ്വകാര്യ വസ്തുക്കളോ പണമോ മോഷ്ടിക്കപ്പെട്ടാൽ റെയിൽവേ ഉത്തരവാദിയല്ലെന്ന് സുപ്രീംകോടതി. റെയിൽവേയുടെ സേവനങ്ങളിലെ വീഴ്ചയായി ഇത്തരം സംഭവങ്ങളെ കാണാനാകില്ലെന്നും ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. യാത്രക്കാരന്‍റെ പണം മോഷ്ടിക്കപ്പെട്ട സംഭവത്തിൽ റെയിൽവേ പണം നൽകണമെന്നുള്ള ഉപഭോക്തൃഫോറത്തിന്‍റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി.

സുരേന്ദ്ര ഭോല എന്ന യാത്രക്കാരന് ട്രെയിൻ യാത്രക്കിടെ കൈയിലുണ്ടായിരുന്ന ലക്ഷം രൂപ മോഷണം പോയിരുന്നു. അരക്കെട്ടിൽ ബെൽറ്റിനുള്ളിൽ സൂക്ഷിച്ച പണമാണ് മോഷ്ടിക്കപ്പെട്ടത്. തുടർന്ന് ഇയാൾ ജില്ല ഉപഭോക്തൃ ഫോറത്തിൽ പരാതിപ്പെട്ടു. പരാതിക്കാരന് അനുകൂലമായി ഉത്തരവിട്ട ഉപഭോക്തൃ ഫോറം, മോഷണത്തിന് റെയിൽവേയാണ് ഉത്തരവാദിയെന്നും നഷ്ടമായ തുക റെയിൽവേ നൽകണമെന്നും വ്യക്തമാക്കി.

ഇതിനെതിരെ റെയിൽവേ സംസ്ഥാന, ദേശീയ ഉപഭോക്തൃ ഫോറങ്ങളിൽ അപ്പീൽ നൽകിയെങ്കിലും ജില്ല ഉപഭോക്തൃ ഫോറത്തിന്‍റെ വിധി ശരിവെക്കുകയായിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

യാത്രക്കാരന്‍റെ സ്വകാര്യ വസ്തുക്കൾ മോഷ്ടിക്കപ്പെടുന്നത് റെയിൽവേയുടെ സേവനത്തിലെ വീഴ്ചയായി കാണാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. യാത്രക്കാർക്ക് സ്വന്തം വസ്തുവകളെ സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ, അതിന് റെയിൽവേയെ ഉത്തരവാദിയാക്കാനാവില്ല -ഉപഭോക്തൃ ഫോറത്തിന്‍റെ വിധി റദ്ദാക്കിക്കൊണ്ട് കോടതി പറഞ്ഞു. 

Tags:    
News Summary - Railways Not Liable For Theft Of Passenger's Belongings : Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.