കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി നേതാവ് മഹുവ മൊയ്ത്രയെ പൂട്ടാൻ ബി.ജെ.പി ഇക്കുറി കൃഷ്ണനഗർ ലോക്സഭ മണ്ഡലത്തിൽ ഇറക്കിയിരിക്കുന്നത് ‘രാജ്മാത’യെ. 18ാം നൂറ്റാണ്ടിൽ നാദിയ മേഖല ഭരിച്ചിരുന്ന രാജാ കൃഷ്ണചന്ദ്ര റോയുടെ നാമധേയത്തിലുള്ള കൃഷ്ണനഗർ മണ്ഡലത്തിൽ ബി.ജെ.പി പരീക്ഷിക്കുന്നത് രാജകുടുംബത്തിൽനിന്നുള്ള മുതിർന്ന അംഗത്തെയാണ്. ‘രാജമാതാ’ എന്ന വിശേഷണമുള്ള അമൃത റോയ് ആണ് സ്ഥാനാർഥി.
2009 മുതൽ തൃണമൂലിന്റെ കുത്തകയായ കൃഷ്ണനഗറിലെ സിറ്റിങ് എം.പി മഹുവ മൊയ്ത്രയാണ്. നിലവിൽ സസ്പെൻഷനിലുള്ള മൊയ്ത്രയെ കേന്ദ്ര അന്വേഷണ ഏജൻസികളും വട്ടമിട്ടിട്ടുണ്ട്. അപ്പോഴും, മണ്ഡലത്തിൽ മഹുവ ശക്തയാണ്. ഇത് കണ്ടറിഞ്ഞാണ് പാർട്ടിക്ക് പുറത്തുള്ള ഒരു സ്ഥാനാർഥിയെ പരീക്ഷിക്കാൻ ബി.ജെ.പി ഒരുങ്ങുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തൃണമൂലിൽനിന്ന് കൂടുമാറി ബി.ജെ.പി പാളയത്തിലെത്തിയ സുവേന്ദു അധികാരിയാണ് അമൃത റോയിയെ കളത്തിലിറക്കിയതെന്നാണ് റിപ്പോർട്ട്. മാർച്ച് 20നാണ് അമൃത റോയിയും കുടുംബവും ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. അമൃത റോയ് കളത്തിലിറങ്ങുന്നതോടെ, പോരാട്ടം രാഷ്ട്രീയത്തിനപ്പുറം ‘രാജകീയ’മാക്കുകയാണ് ബി.ജെ.പിയുടെ പദ്ധതി.
രാജാ കൃഷ്ണ ചന്ദ്രറോയുടെ ലെഗസി മുൻനിർത്തിയാകും അവർ വോട്ടർമാരെ സമീപിക്കുക. ഇക്കാര്യം അമൃത റോയ് തന്നെ തുറന്നുപറയുകയും ചെയ്തു. ‘രാജാ കൃഷ്ണചന്ദ്രയുടെ മഹത്വവും പദവിയും അറിയാത്തവർ ഈ മണ്ഡലത്തിലുണ്ടാവില്ല. ഇന്ത്യാ രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകളെയും ആർക്കും വിസ്മരിക്കുവാനുമാകില്ല. അദ്ദേഹത്തിന്റെ അനന്തരവളായ എന്നെയും ജനം അംഗീകരിക്കുമെന്നാണ് വിശ്വാസം’ -അവർ പറഞ്ഞു.
2019ൽ, ബി.ജെ.പിയുടെ കല്യാൺ ചൗബെയെ 63218 വോട്ടിന് തോൽപിച്ചാണ് മഹുവ കൃഷ്ണനഗറിൽനിന്ന് പാർലമെന്റിലെത്തിയത്. ചലച്ചിത്രതാരം കൂടിയായിരുന്ന തൃണമൂൽ നേതാവ് തപസ് പോൾ ആണ് 2009ലും 14ലും മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഒരുകാലത്ത് സി.പി.എമ്മിന്റെ കോട്ടയായിരുന്ന കൃഷ്ണനഗറിൽനിന്ന് രേണു പദദാസ്, അജോയ് മുഖോപാധ്യായ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കൾ മൂന്നുതവണ വീതം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1999ൽ, ബി.ജെ.പി മണ്ഡലം പിടിച്ചുവെങ്കിലും 2004ൽ, സി.പി.എം സത്യബ്രത മുഖർജിയിലൂടെ തിരിച്ചുപിടിച്ചു.
2009നുശേഷം കൃഷ്ണനഗർ തൃണമൂലിന്റെ കൈയിലാണ്. ലോക്സഭ മണ്ഡലം ഉൾക്കൊള്ളുന്ന നിയമസഭ മണ്ഡലങ്ങളിലും പാർട്ടിതന്നെയാണ് മുന്നിൽ. എന്നാൽ, സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ വൻപട തൃണമൂലിൽനിന്ന് കൂടുമാറിയശേഷം തൃണമൂൽ കുത്തകക്ക് ചെറിയ ഇളക്കം തട്ടിയിട്ടുണ്ട്. അതിന്റെ ലിറ്റ്മസ് ടെസ്റ്റ് കൂടിയാകും ഇത്തവണത്തെ തെരഞ്ഞെടുപ്പ്.
മുൻ നിയമസഭാംഗം എസ്.എം. സാദിയെയാണ് സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.