ഗൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായി ചൈനീസ് പ്രതിരോധ മന്ത്രിയുമായി ചർച്ച നടത്തി രാജ്നാഥ് സിങ്

ന്യൂഡൽഹി: ഗൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യമായി ചൈനീസ് പ്രതിരോധ മന്ത്രിയുമായി ചർച്ച നടത്തി ​കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ജനറൽ ലി ഷാങ്ഫുമായാണ് രാജ്നാഥ് ചർച്ച നടത്തിയത്. 2020ൽ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ സംഘർഷമുണ്ടായതിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്നത്.

കേന്ദ്ര പ്രതിരോധമന്ത്രാലയമാണ് ഇരു പ്രതിരോധമന്ത്രിമാരും തമ്മിൽ കൂടിക്കാഴ്ച നടത്തിയ വിവരം അറിയിച്ചത്. ഷാങ്ഹായി കോപ്പറേഷൻ ഓർഗനൈസേഷൻ മീറ്റിങ്ങിന് മുന്നോടിയായാണ് ഇരു പ്രതിരോധ മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്. ഏ​പ്രിൽ 28നാണ് യോഗം നടക്കുന്നത്. ചൈന, കസാഖിസ്താൻ, കിർഗിസ്താൻ, റഷ്യ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധമന്ത്രിമാർ നാ​ളെ നടക്കുന്ന യോഗത്തിൽ പ​ങ്കെടുക്കും.

ഞായറാഴ്ച കോർപ്പസ് കമാൻഡർതല ചർച്ചകൾ ഇന്ത്യയും ചൈനയും തമ്മിൽ നടത്തിയിരുന്നു. സീനിയർ കമാൻഡർതല ചർച്ചകൾ നടന്ന് നാലുമാസത്തിന് ശേഷമാണ് വീണ്ടും ചർച്ചകൾ നടക്കുന്നത്.

ഇന്ത്യ- ചൈന ബന്ധത്തിന്‍റെ പുരോഗതി അതിർത്തിയിലെ സമാധാനം ആശ്രയിച്ച് –രാജ്നാഥ്

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലെ ബന്ധത്തിന്റെ പുരോഗതി അതിർത്തിയിലെ സമാധാനത്തെ ആശ്രയിച്ചാണെന്നും എല്ലാ തർക്കങ്ങളും നിലവിലുള്ള ഉഭയകക്ഷി കരാറുകൾക്ക് അനുസരിച്ച് പരിഹരിക്കണമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളിയാഴ്ച നടക്കുന്ന ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലെ പ്രതിരോധമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് ലി ഷാങ്ഫു ന്യൂഡൽഹിയിൽ എത്തിയത്.

ഇന്ത്യ-ചൈന അതിർത്തിയിലെ വിഷയങ്ങളെക്കുറിച്ച് ഇരു മന്ത്രിമാരും തുറന്ന ചർച്ച നടത്തിയെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു. നിലവിലെ കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധങ്ങളുടെ അടിസ്ഥാനം തന്നെ ഇല്ലാതാക്കിയെന്ന് രാജ്നാഥ് സിങ് ചർച്ചയിൽ ചൂണ്ടിക്കാട്ടി.

മൂന്നുവർഷം മുമ്പ് കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.

Tags:    
News Summary - Rajnath Singh holds talks with Chinese defence minister, 1st since Galwan clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.