ന്യൂഡൽഹി: പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും ഇലക്ട്രോണിക് വോട്ടു യന്ത്രം നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു. വോട്ടു യന്ത്രത്തിലെ അട്ടിമറി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സമാജ്വാദി പാർട്ടിയും ബി.എസ്.പിയും നടുത്തളത്തിലിറങ്ങിയതിനെ തുടർന്ന് രാജ്യസഭ ഒരു പ്രാവശ്യം നിർത്തിവെക്കുകയും ചെയ്തു. വോട്ടു യന്ത്രങ്ങൾ ബി.ജെ.പിക്ക് അനുകൂലമായി അട്ടിമറിക്കുന്നുവെന്ന ആരോപണത്തിൽ രാജ്യസഭയിൽ നടന്ന ചൂടേറിയ ചർച്ചയിൽ പ്രതിപക്ഷ േനതാവ് ഗുലാം നബി ആസാദാണ് ഇവ ഉപയോഗിക്കുന്നത് നിർത്തിവെക്കണമെന്ന ആവശ്യമുന്നയിച്ചത്. ഇൗ സമയം മുതൽ വോട്ടു യന്ത്രങ്ങൾ നിർത്തണമെന്ന് ഗുലാം നബി ആവശ്യപ്പെട്ടു. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിലും ഗുജറാത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടു യന്ത്രങ്ങൾ ഉപയോഗിക്കരുതെന്ന ആവശ്യവും ഗുലാം നബി ഉന്നയിച്ചു. അജണ്ടകൾ മാറ്റിവെച്ച് വോട്ടു യന്ത്രത്തിലെ അട്ടിമറി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സമാജ്വാദി പാർട്ടിയും ചട്ടം 267 പ്രകാരം നാല് നോട്ടീസുകൾ നൽകിയിരുന്നുവെങ്കിലും ഉപാധ്യക്ഷൻ പി.ജെ. കുര്യൻ അനുമതി നൽകിയില്ല.
ഉത്തർപ്രദേശിൽ വ്യാപകമായ തോതിൽ വോട്ടു യന്ത്രത്തിൽ കള്ളത്തരം കാണിച്ചുവെന്ന് ആരോപിച്ച ബി.എസ്.പി നേതാവ് മായാവതി ബി.ജെ.പിയെ വഞ്ചകരെന്ന് വിളിച്ചു. ജനാധിപത്യത്തെ കശാപ്പു ചെയ്യാതിരിക്കാൻ അടുത്ത തെരഞ്ഞെടുപ്പു മുതൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാൽ മതിയെന്നും മായാവതി ആവശ്യപ്പെട്ടു. മായവതിയുടെ ഇൗ ആവശ്യത്തെ എസ്.പി നേതാവ് രാം ഗോപാൽ യാദവും കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങും പിന്തുണച്ചു. മറ്റ് ചിഹ്നത്തിൽ കുത്തിയാലും ബി.ജെ.പിക്ക് വോട്ടുകാണിച്ച മധ്യപ്രദേശിലെ സംഭവവും ദിഗ്വിജയ് സിങ് ചൂണ്ടിക്കാട്ടി. പിടിക്കപ്പെടാതിരിക്കാൻ തെരഞ്ഞെടുക്കുന്ന വോട്ടു യന്ത്രത്തിലാണ് വഞ്ചന നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
അതേസമയം, വിഷയം പാർലമെൻറിലല്ല തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെയാണ് ഉന്നയിേക്കണ്ടതെന്ന് ബി.ജെ.പി ആവർത്തിച്ചു. പ്രതിപക്ഷ ആരോപണം നിഷേധിച്ച കേന്ദ്ര പാർലമെൻററികാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി വോട്ടു യന്ത്രത്തെക്കുറിച്ചുള്ള വാദം ശരിയാണെങ്കിൽ ബിഹാറിലും പഞ്ചാബിലും ഡൽഹിയിലും നടന്ന തെരെഞ്ഞടുപ്പുകളിൽ ബി.ജെ.പി തോറ്റതെങ്ങനെയാണെന്ന് ചോദിച്ചു. വോട്ടു യന്ത്രത്തിൽ കൃത്രിമം നടത്താൻ കഴിയിെല്ലന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നതെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞു. വിഷയം കമീഷനുമായി ബന്ധപ്പെട്ടാണ് തീർക്കേണ്ടതെന്ന സർക്കാർ നിലപാടും കുര്യൻ അംഗീകരിച്ചു. അതോടെ വോട്ടു യന്ത്രം ബി.ജെ.പിക്ക് അനുകൂലമാക്കി മോദി സർക്കാർ ജനഹിതത്തെ വഞ്ചിച്ചുവെന്ന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷമൊന്നടങ്കം നടുത്തളത്തിലേക്കിറങ്ങി. വോട്ടു യന്ത്രത്തിൽ കൃത്രിമം നടന്നോ എന്നറിയാൻ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച മുഴുവൻ യന്ത്രങ്ങളും അേന്വഷണത്തിന് വിട്ടുകൊടുക്കണമെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.