ആനന്ദ്: രാമനവമി ഘോഷയാത്രക്കിടെ ആനന്ദ് ജില്ലയിലെ ഖംബത്ത് മേഖലയിലുണ്ടായ സംഘർഷം മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്ന് ഗുജറാത്ത് പൊലീസ്. ഘോഷയാത്രക്ക് നേരെ കല്ലെറിയാൻ പുറത്ത് നിന്ന് ആളുകളെ പ്രത്യേകം കൊണ്ടു വന്നതാണെന്നും ആക്രമികൾക്ക് നിയമപരവും സാമ്പത്തികവുമായ എല്ലാ സഹായങ്ങളും വാഗ്ദാനം നൽകിയിരുന്നതായും പൊലീസ് പറഞ്ഞു.
ശ്മശാനങ്ങളിൽ നിന്ന് കല്ലുകൾ എളുപ്പത്തിൽ കണ്ടെത്താമെന്നതിനാലാണ് അവിടെ നിന്ന് കല്ലെറിയാൻ തീരുമാനിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഘോഷയാത്രക്ക് നേരെ നടന്ന ആക്രമത്തിൽ പങ്കുണ്ടെന്നരോപിച്ച് ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
"മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമായി ഖംബത്തിൽ രാമനവമി ഘോഷയാത്രക്കിടെ കല്ലേറുണ്ടായി. രാമനവമി ഘോഷയാത്ര ആരംഭിക്കാൻ പോകുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ തന്നെ പ്രതികൾ അക്രമം ആസൂത്രണം ചെയ്യാൻ തുടങ്ങിയിരുന്നു. ഘോഷയാത്രക്ക് പൊലീസ് അനുമതി ലഭിച്ചതിന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ മുഴുവൻ ഗൂഢാലോചനയും നടത്തി"- അനന്ദ് ജില്ല പൊലീസ് മേധാവി അജിത് രജിയാൻ പറഞ്ഞു.
ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ ഒളിവിലാണെന്നും പ്രതികൾക്ക് അക്രമം നടത്തുന്നതിനായി എവിടെ നിന്നെല്ലാം സഹായം ലഭിച്ചെന്നറിയാൻ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.