മീററ്റ്: ഇൻഷുറൻസ് തട്ടിപ്പ് നടത്താനുള്ള പദ്ധതിയിൽ സ്വന്തം മരണം എന്ന വ്യാജേന മറ്റൊരാളെ കാറിൽ ജീവനോടെ കത്തിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സഹരൻപൂരിലാണ് സംഭവം.
30 ലക്ഷത്തോളം കടമുള്ള ഡോ. മുബാറക് തൻ്റെ കടങ്ങൾ തീർക്കുന്നതിനും ഇൻഷുറൻസ് തുക തട്ടിയെടുക്കാനുമാണ് കുറ്റകൃത്യം നടത്തിയത്. ജനപ്രിയ ക്രൈം ടെലിവിഷൻ പരമ്പരയായ സി.ഐ.ഡിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇയാൾ പദ്ധതി തയ്യാറാക്കിയത്.
പ്രതി ജോലി ചെയ്യുന്ന ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 32 കാരനായ സോനുവിനെയാണ് കൊലപ്പെടുത്തിയത്. ഡിസംബർ 22 ന് മുബാറക് സോനുവിനെ മദ്യപിക്കാനായി വിളിച്ചു വരുത്തുകയായിരുന്നു. മയക്കുമരുന്ന് കലർത്തി സോനുവിനെ പ്രതി ബോധരഹിതനാക്കിയ ശേഷം സഹരൻപൂരിലെ ഒരു കനാലിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോവുകയും വാഹനത്തിനുള്ളിൽ കയറ്റി കത്തിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ചയോടെ നാട്ടുകാരിലൊരാൾ കാർ കത്തിയ നിലയിൽ കാണുകയും പൊലീസിൽ അറിയിക്കുകയും ചെയ്തു. ഉടൻ ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിൽ ഡോക്ടറെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. അഭ്യൂഹങ്ങൾ പരന്നതോടെ സോനുവിനെ അവസാനമായി കണ്ടത് മുബാറക്കിനൊപ്പം മദ്യപിക്കുന്നതായിട്ടായിരുന്നുവെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചു. പിന്നീട് ഡോ. മുബാറക്കിനെ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.