രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ വിദ്യാർഥി പ്രതിഷേധം പാടില്ല; കർശന നിർദേശവുമായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്

മുംബൈ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് കാമ്പസിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനുള്ള നീക്കത്തിനെതിരെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (ടിസ്സ്). പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം കാമ്പസിനുള്ളിൽ വിദ്യാർഥികളുടെ ഒരു തരത്തിലുമുള്ള പ്രതിഷേധ പരിപാടികളും നടത്തരുതെന്ന് ടിസ്സ് അധികൃതർ വ്യക്തമാക്കി.

പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജനുവരി 18ന് ടിസ്സ് അധികൃതർ പുറത്തിറക്കിയ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ജനുവരി 22ന് കാമ്പസിൽ ചില വിദ്യാർഥികൾ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നുവെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നടപടി.

അതേസമയം, ജനുവരി 22ന് ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഗോശാലയുടെ ഉദ്ഘാടനവും രാമായണത്തെ ആസ്പദമാക്കി കവിത പാരായണവുമാണ് നടത്തുക. പ്രശസ്ത മറാത്തി കവി ജി.ഡി. മദ്‌ഗുൽക്കർ രചിച്ച 'ഗീത് രാമായണ'ത്തിന്‍റെ പാരായണമാണ് കാമ്പസിൽ നടക്കുക.

എന്നാൽ, ഐ.ഐ.ടിയിലെ ഇടതുപക്ഷ വിദ്യാർഥി സംഘടനയായ അംബേദ്കർ ഫൂലെ പെരിയാർ സ്റ്റഡി സർക്കിൾ പരിപാടിയെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയിലെ മതേതരത്വ തത്വം ഉപേക്ഷിച്ച് ഹിന്ദുത്വ രാഷ്ട്രീയ ശക്തികൾക്ക് മുന്നിൽ ഇഴഞ്ഞു നീങ്ങാൻ തുടങ്ങിയതാണ് ഐ.ഐ.ടി അധികൃതർ നടത്തുന്ന പരിപാടികൾ ചൂണ്ടിക്കാട്ടുന്നതെന്ന് അംബേദ്കർ ഫൂലെ പെരിയാർ സ്റ്റഡി സർക്കിൾ എക്സിൽ കുറിച്ചു. 

Tags:    
News Summary - Ram temple consecration: TISS warns students against holding protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.