ജനുവരി 22ന് ഉച്ചക്ക് 12.29 നും 1.32നുമിടയിലുള്ള മുഹൂർത്തത്തിലാണ് രാമദേവ പ്രതിഷ്ഠ ചടങ്ങ് നടക്കുക. ഈ സമയം സംസ്ഥാനത്തെ മഹാ മംഗളാരതിയും പ്രത്യേക പൂജകളും നടത്തണമെന്നാണ് മുസ്റെ വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങൾക്ക് നൽകിയ നിർദേശം. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് കർണാടകയിൽ ബി.ജെ.പി പ്രചാരണങ്ങൾ സജീവമാക്കിയതിനു പിന്നാലെയാണ് കോൺഗ്രസ് സർക്കാറിന്റെ പുതിയ നീക്കം.
1992ൽ ബാബരി മസ്ജിദ് തകർക്കപ്പെടുന്നതിന്റെ തലേന്ന് ഹുബ്ബള്ളിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ കർസേവകൻ ശ്രീകാന്ത് പൂജാരിയെ ഡിസംബർ അവസാന വാരത്തിൽ പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചത് ബി.ജെ.പി പ്രചാരണായുധമാക്കിയിരുന്നു.
രാമക്ഷേത്ര പ്രവർത്തകനെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കോൺഗ്രസ് സർക്കാർ ജയിലിലടച്ചെന്ന പ്രചാരണവുമായി ബി.ജെ.പി സംസ്ഥാന വ്യാപക പ്രതിഷേധം നടത്തി. താനും രാമഭക്തനാണെന്നും തങ്ങളും രാമക്ഷേത്രം പണിയാറുണ്ടെന്നും ബി.ജെപിയുടേത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കമാണെന്നുമുള്ള പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യതന്നെ മുന്നോട്ടുവന്നു.
വർഷങ്ങളായി തന്റെ കുടുംബം രാമഭക്തരാണെന്നും തന്റെ വീട്ടിൽ പൂജാമുറിയുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി രാമഗനഗര കോൺഗ്രസ് എം.എൽ.എ ഇഖ്ബാൽ ഹുസൈനും രംഗത്തുവന്നു. വിഷയം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും രാമക്ഷേത്ര ചടങ്ങിന് പോകണോ വേണ്ടയോ എന്നത് ഹൈകമാൻഡിന്റെ തീരുമാനമാണെന്നുമാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.