ന്യൂഡൽഹി: ശീതകാല പാർലമെൻറ് സമ്മേളനം അടുത്ത മാസം 11ന് തുടങ്ങാനിരിക്കേ, അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് കോടതി നടപടികളെ മറികടക്കുന്നവിധം ബിൽ കൊണ്ടുവരാൻ കരുനീക്കം. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് ക്ഷേത്രനിർമാണത്തിന് കളമൊരുക്കാനോ, ചർച്ച സജീവമാക്കാനോ ഉള്ള പിന്നാമ്പുറ നീക്കമാണ് ബിൽ.
യു.പിയിലെ ബി.ജെ.പി എം.പി. രവീന്ദ്ര കുശ്വാഹ ഇതിെൻറ വ്യക്തമായ സൂചന നൽകി. രാമക്ഷേത്ര ബിൽ ശീതകാല പാർലമെൻറ് സമ്മേളനത്തിൽ മോദിസർക്കാർ കൊണ്ടുവരുമെന്ന് അദ്ദേഹം യു.പിയിലെ ബലിയയിൽ വാർത്താലേഖകരോട് പറഞ്ഞു. എൻ.ഡി.എ സഖ്യത്തിന് കേവല ഭൂരിപക്ഷമുള്ള ലോക്സഭയിൽ ബിൽ പാസാക്കാൻ പ്രയാസമില്ലെങ്കിലും പ്രതിപക്ഷത്തിന് മേൽക്കോയ്മയുള്ള രാജ്യസഭയിൽ അതു പാസാക്കാൻ കഴിയുമോ എന്ന് സംശയമാണ്. അങ്ങനെ പാസാകാതെ വന്നാൽ സർക്കാർ ഒാർഡിനൻസ് കൊണ്ടുവരുമെന്നും രവീന്ദ്ര കുശ്വാഹ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് രാമക്ഷേത്രം നിർമിക്കാനുള്ള ഉൗർജിത ശ്രമം നടക്കുന്നതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇൗ സാഹചര്യത്തിലാണ് ബി.ജെ.പിയിലെ ചർച്ചാഗതി കൂടുതൽ വ്യക്തമാക്കുന്ന കുശ്വാഹയുടെ വാക്കുകൾ. ബാബരി ഭൂമി തർക്കം സംബന്ധിച്ച കേസിൽ സുപ്രീംകോടതിയുടെ തീർപ്പിനു നിൽക്കാതെ മുന്നോട്ടു നീങ്ങുമെന്ന സൂചനകൾ ശക്തമാണ്. അതിെൻറ വഴി ഒാർഡിനൻസാണെന്ന സൂചനയും വന്നിരുന്നു. രാജ്യത്തിെൻറ താൽപര്യം എന്തായിരുന്നാലും, ഒാർഡിനൻസ് സർക്കാറിനു മുമ്പിലുള്ള ഒരു മാർഗമാണെന്ന് സുപ്രീംകോടതി റിട്ട. ജസ്റ്റിസ് ജെ. ചെലമേശ്വർ അടുത്തയിടെ പറഞ്ഞിരുന്നു.
രാമക്ഷേത്ര നിർമാണത്തിന് സമ്മർദം മുറുക്കി വിശ്വഹിന്ദു പരിഷത് അയോധ്യയിൽ ഞായറാഴ്ച ധർമസഭ നടത്തുകയാണ്. ബില്ലിനെക്കുറിച്ച് പാർലമെൻറിൽ ചർച്ച നടക്കുേമ്പാൾ, ഏതു പാർട്ടിയാണ് ക്ഷേത്ര നിർമാണത്തിന് അനുകൂലമെന്നും എതിരെന്നും ജനങ്ങൾക്ക് ബോധ്യപ്പെടുമെന്ന് കുശ്വാഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.