ബിഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ

രാംചരിതമാനസ്, മനുസ്മൃതി, വിചാരധാര എന്നിവ വിദ്വേഷം പരത്തുന്നുവെന്ന് ബിഹാർ മന്ത്രി

പാറ്റ്ന: രാമായണത്തെ ആസ്പദമാക്കിയുള്ള ഹിന്ദു മതഗ്രന്ഥം രാമചരിതമാനസ് സമൂഹത്തിൽ വിദ്വേഷം പരത്തുന്നുവെന്ന് ബിഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ. രാമചരിതമാനസ്, മനുസ്മൃതി, എം.എസ് ഗോൾവാർക്കറുടെ വിചാരധാര തുടങ്ങിയ പുസ്തകങ്ങൾ ഭിന്നത സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു.

നളന്ദ ഓപ്പൺ സർവകലാശാലയുടെ പതിനഞ്ചാമത് ബിരുദദാന ചടങ്ങിൽ ബിഹാർ ഗവർണർ ഫാഗു ചൗഹാന്‍റെ സാന്നിധ്യത്തിലാണ് ആർ.ജെ.ഡി നേതാവ് കൂടിയായ മന്ത്രി ചന്ദ്രശേഖർ ഇക്കാര്യം പറഞ്ഞത്. സമൂഹത്തിൽ വിഭാഗീയ സൃഷ്ടിക്കുന്നത് കൊണ്ടാണ് ആളുകൾ മനുസ്മൃതി കത്തിച്ചതെന്നും ദലിതരുടെയും പിന്നാക്കരുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തിനെതിരെ വിവരിക്കുന്ന രാമചരിതമാനസത്തിലെ ഭാഗം ഒഴിവാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ബിഹാർ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഒ.ബി.സി മോർച്ച ദേശീയ ജനറൽ സെക്രട്ടറിയും ബി.ജെ.പി സംസ്ഥാന വക്താവുമായ ഡോ. നിഖിൽ ആനന്ദ് രംഗത്തെത്തി. സർവകലാശാലയുടെ സമ്മേളനത്തിൽ സംസാരിക്കവെ മതവിദ്വേഷ പ്രസ്താവന ഉന്നയിച്ചത് ആശ്ചര്യകരമാണെന്ന് നിഖിൽ ആനന്ദ് പ്രതികരിച്ചു.

രാമചരിതമാനസ് വിദ്വേഷം പടർത്തുന്ന ഗ്രന്ഥമാണെന്ന പരാമർശം രാജ്യത്തെ മുഴുവൻ വേദനിപ്പിച്ചു. ഇത് എല്ലാ സനാതനവാദികൾക്കും അപമാനമാണ്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നിഖിൽ ആനന്ദ് ആവശ്യപ്പെട്ടു.

ചന്ദ്രശേഖറിനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറാത്താക്കണമെന്ന് അയോധ്യയിലെ പുരോഹിതനായ ജഗദ്ഗുരു പരമഹംസ് ആചാര്യ ആവശ്യപ്പെട്ടു. രാമചരിതമാനസ് മനുഷ്യത്വം സ്ഥാപിക്കാനുള്ള ഗ്രന്ഥമാണ്. ഇത് ഭാരതീയ സംസ്കാരത്തിന്‍റെ രൂപമാണ്. ഇത്തരം പരാമർശങ്ങൾ സഹിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

Tags:    
News Summary - Bihar minister says Ramcharitamanas, Manusmriti, Vicharadhara spread hatred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.