ന്യൂഡൽഹി: സി.ബി.എസ്.ഇ സിലബസിൽനിന്ന് മതേതരത്വം, ദേശീയത തുടങ്ങി പ്രധാന ഭാഗങ്ങൾ വെട്ടിമാറ്റിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് വിശദീകരണവുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാൽ. വിഷയത്തെക്കുറിച്ച് ശരിയായി മനസ്സിലാക്കാതെ ചിലർ വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ചില പാഠഭാഗങ്ങൾ സിലബസിൽനിന്ന് ഒഴിവാക്കിയതിന് വിവരമില്ലാത്ത പ്രതികരണങ്ങൾ വരുന്നുണ്ട്. സെൻസേഷനൽ ആക്കാൻ വേണ്ടി ചില ഭാഗങ്ങൾ മാത്രം തിരഞ്ഞെടുത്ത് ദുർവ്യാഖ്യാനം ചെയ്യുകയാണ്. എല്ലാ വിഷയങ്ങളിൽനിന്നും തിരഞ്ഞെടുത്ത പാഠഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ഇതിലൊന്നും ചിലർക്ക് വിമർശനമില്ല.
ചില വിഷയങ്ങളിൽനിന്ന് ഫെഡറലിസം, ദേശീയത, മതേതരത്വം, ലോക്കൽ ഗവൺമെൻറ്, പൗരത്വം തുടങ്ങിയ ഭാഗങ്ങൾ ഒഴിവാക്കിയത് ചിലർക്ക് തെറ്റായി വ്യാഖ്യാനിക്കാൻ എളുപ്പമാണ്. എന്നാൽ, വിശാലാർഥത്തിൽ നോക്കുമ്പോൾ എല്ലാ വിഷയത്തിൽനിന്നും വെട്ടിച്ചുരുക്കലുകൾ ഉണ്ടായിട്ടുണ്ടെന്ന് ബോധ്യമാകും.
വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് സിലബസ് വെട്ടിച്ചുരുക്കിയത്. രാഷ്ട്രീയത്തെ വിദ്യാഭ്യാസത്തിൽനിന്ന് മാറ്റിനിർത്തണം. അതേസമയം, രാഷ്ട്രീയ ചർച്ചകൾ കൂടുതൽ വിദ്യാഭ്യാസപരമാകണം. കുട്ടികൾക്കുള്ള വിശുദ്ധ സേവനമാണ് വിദ്യാഭ്യാസമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒമ്പതാം ക്ലാസ് മുതൽ 12ാം ക്ലാസ് വരേയാണ് 30 ശതമാനം സിലബസ് വെട്ടിക്കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.