‘സേവ്​ ഡി.യു’:എ.ബി.വി.പിക്കെതിരെ പ്രതിഷേധമിരമ്പി

ന്യൂഡല്‍ഹി: രാംജാസിലെ എ.ബി.വി.പി ഫാഷിസ്റ്റ്  ഭീകരതക്കെതിരെ ‘ആസാദി മുഴക്കി’ ഡല്‍ഹി സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധം. രാജ്യതലസ്ഥാനത്തെ വിവിധ  സര്‍വകലാശാലകളിലെ അധ്യാപകരും വിദ്യാര്‍ഥികളുമടക്കം ആയിരക്കണക്കിനുപേര്‍ പങ്കെടുത്തു. എ.ബി.വി.പിയുടെ ബലാത്സംഗ ഭീഷണി നേരിട്ട കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മേഹറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഫാഷിസ്റ്റ് ഭീകരതക്കെതിരെ മുദ്രാവാക്യം വിളിച്ചും രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രതിഷേധക്കാര്‍ ഒത്തുകൂടി.

രാംജാസിലെ എ.ബി.വി.പി ആക്രമണം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്ന് സമരത്തില്‍ സംസാരിച്ച എം.പിമാരായ സീതാറാം യെച്ചൂരി, ഡി. രാജ, പ്രമോദ് തിവാരി എന്നിവര്‍ പറഞ്ഞു. ജെ.ഡി.യു നേതാവ് കെ.സി. ത്യാഗി, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, ജെ.എന്‍.യു വിദ്യാര്‍ഥി നേതാക്കളായ കനയ്യ കുമാര്‍, ഷെഹ്ല റാശിദ്, സാമൂഹിക പ്രവര്‍ത്തക നന്ദിന സുന്ദര്‍ തുടങ്ങിയവരും പ്രതിഷേധത്തില്‍ സംസാരിച്ചു.

രാംജാസ് കോളജില്‍ നടന്ന സെമിനാറില്‍ ജെ.എന്‍.യു വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദ്, ഷെഹ്ല റാശിദ് എന്നിവരെ ക്ഷണിച്ചതുമായി ബന്ധപ്പെട്ടാണ് എ.ബി.വി.പി ആക്രമണത്തിന് തുടക്കം. ഇതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനുനേരെയും എ.ബി.വി.പി ആക്രമിച്ചു. അധ്യാപകരും മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങില്‍ എ.ബി.വി.പി വിരുദ്ധ കാമ്പയിന് തുടക്കമിട്ടതിനാണ് കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളെ എ.ബി.വി.പി ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്. എ.ബി.വി.പിയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ചവര്‍ക്കുനേരെ അതിക്രമം ഉണ്ടായെന്ന പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ നോട്ടീസയച്ചു.

വിദ്യാര്‍ഥിനികളെയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഒരു മാസത്തിനുള്ളില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടി പാര്‍ലമെന്‍റ് കാര്യസമിതി തലവന്‍ പി. ചിദംബരവും ഡല്‍ഹി പൊലീസ് കമീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കാമ്പസില്‍ അധ്യാപകരും വിദ്യാര്‍ഥികളും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന എ.ബി.വി.പിയുടെ കേസ് പരിഗണിക്കുന്നത് ഡല്‍ഹി കോടതി മാര്‍ച്ച് ആറിലേക്ക് മാറ്റി.  എ.ബി.വി.പി ആക്രമണത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നാലിന് ഡല്‍ഹി സര്‍വകലാശാല അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ പാര്‍ലന്‍െറ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - Ramjas College Violence: Students Organise 'Save DU' March To Protest Against ABVP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.