മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം
കൊൽക്കത്ത: വനിത ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇതിനകം 140 മണിക്കൂറോളം ഇദ്ദേഹത്തെ ചോദ്യം ചെയ്തുകഴിഞ്ഞു. മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്.
ഒരു സംഘം കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിലെ മോർച്ചറിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. അവകാശികളില്ലാത്ത മൃതദേഹങ്ങൾ മോർച്ചറിയിൽനിന്ന് നിയമവിരുദ്ധമായി കടത്തുന്നതായി മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്താർ അലി പരാതി ഉന്നയിച്ചിരുന്നു. ആശുപത്രിയിൽ മരുന്നുകളും മറ്റും വാങ്ങിയതിന്റെ രേഖകൾ സംഘം പരിശോധിച്ചു. കൊല്ലപ്പെട്ട ഡോക്ടർ അവസാനമായി ജോലി ചെയ്ത മൂന്നാം നിലയിലെ നെഞ്ചു രോഗ വിഭാഗത്തിലെത്തിയ മറ്റൊരു സംഘം നഴ്സുമാരോടും ആശുപത്രി ജീവനക്കാരോടും വിവരങ്ങൾ തേടി. കുറ്റകൃത്യം നടന്ന സ്ഥലവും സംഘം പരിശോധിച്ചു.
അതിനിടെ, വനിത ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രക്ഷോഭം ശക്തമാക്കി. സംസ്ഥാന വനിത കമീഷൻ നിഷ്ക്രിയമായെന്ന് ആരോപിച്ച് മഹിള മോർച്ച കമീഷൻ ഓഫിസിലേക്ക് മാർച്ച് നടത്തി. മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന ധർണ രണ്ടാം ദിവസവും തുടർന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസും റാലികൾ നടത്തി. ബലാത്സംഗക്കേസിലെ പ്രതികൾക്ക് കേന്ദ്രം വധശിക്ഷ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച എല്ലാ ബ്ലോക്ക് ആസ്ഥാനങ്ങളിലും ധർണ നടത്തുമെന്നും പാർട്ടി അറിയിച്ചു.
ബലാത്സംഗക്കൊല പോലുള്ള കുറ്റകൃത്യങ്ങൾക്ക് ശക്തമായ ശിക്ഷ നൽകുന്നതിന് നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന വനിത കമീഷനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി ബി.ജെ.പി. വിഷയത്തിൽ ഇതുവരെയും പ്രസ്താവനപോലും പുറപ്പെടുവിക്കാത്ത വനിത കമീഷന്റെ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി മഹിളാ പ്രവർത്തകർ കമീഷൻ ഓഫിസിന് പ്രതീകാത്മകമായി താഴിട്ടു.
എം.എൽ.എ അഗ്നിമിത്ര പോൾ, മുൻ എം.പി ലോക്കറ്റ് ചാറ്റർജി, മുൻ കേന്ദ്രമന്ത്രി ദേബാശ്രീ ചൗധരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ‘ഭീമൻ പൂട്ടൂ’മായി ഓഫിസിലെത്തിയത്. തുടർന്ന് കമീഷൻ ചെയർപേഴ്സൻ ലീന ഗംഗോപാധ്യായുമായി അവർ കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.