ന്യൂഡൽഹി: ഗോദി മീഡിയക്കെതിരെ ഒറ്റയാൾ പ്രസ്ഥാനമായി പൊരുതുന്ന പ്രശസ്ത മാധ്യമപ്രവർത്തകനും എൻ.ഡി.ടി.വി മുൻ മാനേജിങ് എഡിറ്ററുമായ രവീഷ് കുമാറിന്റെ യു ട്യൂബ് ചാനലിന് വൻ കുതിപ്പ്. 22 മാസം കൊണ്ട് 89.7 ലക്ഷം പേരാണ് ചാനൽ സബ്സ്ക്രൈബ് ചെയ്തത്.
ഭരണകൂട ഭീകരതക്കും ഹിന്ദുത്വ ഫാഷിസത്തിനുമെതിരേ എന്നും നിലപാട് സ്വീകരിച്ചിരുന്ന രവീഷ് കുമാർ, അദാനി ഗ്രൂപ്പ് എന്‍.ഡി.ടിവിയുടെ ഉടമസ്ഥത ഏറ്റെടുത്തതിന് പിന്നാലെയാണ് ചാനലിൽനിന്ന് രാജിവെച്ചത്. എന്‍.ഡി.ടി.വിയുടെ മുഖമായി അറിയിപ്പെട്ടിരുന്ന അദ്ദേഹം, 28 വർഷത്തെ സേവനത്തിന് ശേഷം 2022 നവംബർ 30നാണ് രാജിവെച്ചത്. ഇനി മുതല്‍ തന്റെ പ്രവര്‍ത്തനമേഖല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായിരിക്കുമെന്ന് രവീഷ് കുമാര്‍ പ്രഖ്യാപിച്ചതോടെ, അദ്ദേഹത്തിന്റെ 'Ravish Kumar Official' എന്ന യൂ ട്യൂബ് ചാനലിന് മണിക്കൂറുകൾകൊണ്ട് ലക്ഷക്കണക്കിന് വരിക്കാരെ ലഭിച്ചു.
വരിക്കാരുടെ എണ്ണത്തിൽ ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയെ രവീഷ്‍കുമാർ പിന്തള്ളി. 8.67 മില്യൻ പേരാണ് ഇവരുടെ സബ്സ്ക്രൈബേഴ്സ്. 2008ൽ തുടങ്ങിയ എൻ.ഡി.ടി.വിയുടെ യൂട്യൂബ് ചാനലിനാകട്ടെ, 1.6 കോടി വരിക്കാരാണുള്ളത്. 1.11 ലക്ഷം വിഡിയോയിലൂടെ ഇവർക്ക് 717 കോടി വ്യൂ ലഭിച്ചപ്പോൾ, വെറും 473 വീഡിയോകളിലൂടെ രവീഷിന് 84.3 കോടി വ്യൂവേഴ്സിനെയാണ് ഇതിനകം ലഭിച്ചത്.
'രാജ്യത്തെ ജുഡീഷ്യറി തകരുകയും അധികാരത്തിലിരിക്കുന്നവര്‍ പലരുടെയും ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്ത ഒരു സമയത്ത് രാജ്യത്തെ ജനങ്ങള്‍ എനിക്ക് അളവറ്റ സ്നേഹം തന്നു. എന്റെ പ്രേക്ഷകരില്ലാതെ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. ഇനി എന്റെ പ്രവര്‍ത്തനങ്ങള്‍ യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക് പേജിലൂടെയുമായിരിക്കും.. നിങ്ങളുടെ പിന്തുണ ഇവിടെയുമുണ്ടാകണം' -എന്ന് എൻ.ഡി.ടി.വിയിൽനിന്ന് രാജിവെച്ച ഉടൻ രവീഷ് കുമാര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. എല്ലാവരും ഗോദി മീഡിയകളുടെ അടിമത്വത്തിനെതിരെ പോരാടണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് യൂ ട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കുതിച്ചുകയറാൻ ആരംഭിച്ചത്. എന്‍.ഡി.ടി.വിയില്‍ നിന്നും രാജിവെച്ചതിന് കുറിച്ച് പറയുന്ന വിഡിയോ 99,33,999 പേരാണ് ഇതിനകം കണ്ടത്.
എന്‍.ഡി.ടി.വിയുടെ പ്രൊമോട്ടര്‍ കമ്പനിയായ ആര്‍.ആര്‍.പി.എച്ചിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ ചാനലിന്റെ സ്ഥാപകരും പ്രൊമോട്ടര്‍മാരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ചിരുന്നു. തൊട്ടുപിന്നാലെയാണ് രവീഷ് കുമാർ അടക്കമുള്ള പ്രമുഖ മാധ്യമപ്രവർത്തകരും ചാനലിന്റെ പടിയിറങ്ങിയത്.
1974 ഡിസംബർ അഞ്ചിന് ബിഹാറിലെ മോതിഹാരിയിൽ ജനിച്ച രവീഷ് കുമാർ പട്നയിലെ ലയോള ഹൈസ്കൂളിലായിരുന്നു പഠിച്ചത്. പിന്നീട് ഡൽഹി ദേശബന്ധു കോളജിൽനിന്ന് ബിരുദം. 1996 മുതൽ മാധ്യമരംഗത്ത് സജീവം. ഡൽഹി ലേഡി ശ്രീറാം കോളജ് അധ്യാപിക നയന ദാസ് ഗുപ്തയാണ് ഭാര്യ. ഇഷ്ക് മേൻ ഷഹർ ഹോന, ദേക്തെ രഹിയെ, രവീഷ് പാന്തി, ദ ഫ്രീ വോയ്സ്: ഓൺ ഡെമോക്രസി, കൾചർ ആൻഡ് നേഷൻ എന്നിവയാണ് പ്രധാന കൃതികൾ.
രണ്ടു തവണ മാധ്യമപ്രവർത്തനരംഗത്തെ മികവിന് രാമനാഥ് ഗോയങ്ക പുരസ്കാരം നേടി. 2019ല്‍ മഗ്‌സസെ അവാര്‍ഡിനും അദ്ദേഹം അര്‍ഹനായിരുന്നു. ഹം ലോഗ്, രവീഷ് കി റിപ്പോര്‍ട്ട്, ദേശ് കി ബാത്, പ്രൈം ടൈം തുടങ്ങിയ രവീഷ് കുമാര്‍ അവതരിപ്പിച്ചിരുന്ന വാര്‍ത്താ പരിപാടികള്‍ വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.