2000 രൂപ നോട്ടുകൾ പിൻവലിക്കുന്നു; മാറ്റിയെടുക്കാൻ സെപ്റ്റംബർ 30 വരെ സമയം

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുകയാണെന്ന് റിസർവ് ബാങ്ക്. നിലവിൽ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരും. മറ്റ് മൂല്യങ്ങളിലുള്ള കറൻസി നോട്ടുകൾ വിനിമയത്തിൽ ആവശ്യമായ തോതിൽ ലഭ്യമായതോടെയാണ് 2000 നോട്ട് പിൻവലിക്കുന്നതെന്ന് ആർ.ബി.ഐ പറയുന്നു. 

2000 നോട്ടുകൾ വിതരണം ചെയ്യുന്നത് ഉടൻ നിർത്തണമെന്ന് ആർ.ബി.ഐ നിർദേശം ബാങ്കുകൾ നൽകിയിട്ടുണ്ട്. നിലവിൽ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും 2023 സെപ്റ്റംബർ 30 വരെ സമയം നൽകിയിട്ടുണ്ട്. ഇതിനായി മേയ് 23 മുതൽ സൗകര്യമൊരുക്കും. ഒറ്റത്തവണ മാറ്റിയെടുക്കാവുന്ന പരമാവധി തുക 20,000 രൂപ മാത്രമാണ്. 

2018-19 സാമ്പത്തിക വർഷം മുതൽ 2000 രൂപ നോട്ടിന്‍റെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചിരുന്നു. മാർച്ച് 31ലെ കണക്ക് പ്രകാരം ആകെ പ്രചാരത്തിലുള്ള കറൻസി നോട്ടുകളുടെ മൂല്യത്തിൽ 10.8 ശതമാനം മാത്രമേ 2000 രൂപ നോട്ടുകൾ ഉള്ളൂ. സാധാരണ ഇടപാടുകൾക്ക് 2000 രൂപ ഉപയോഗിക്കുന്നത് വളരെ കുറവാണെന്നും ആർ.ബി.ഐ നിരീക്ഷിക്കുന്നു. നിലവിലുള്ള 2000 നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിന് മുമ്പ് അച്ചടിച്ചതാണ്. നാല് മുതൽ അഞ്ച് വർഷം വരെയാണ് നോട്ടുകളുടെ കാലാവധി നിശ്ചയിച്ചതെന്നും ഇത് പൂർത്തിയായതാണ് പിൻവലിക്കാനുള്ള ഒരു കാരണമെന്നും ആർ.ബി.ഐ പറയുന്നു. 

2016 നവംബർ എട്ടിന് 500, 1000 രൂപയുടെ നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കിയിരുന്നു. അന്ന് രാത്രി 8.15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭായോഗത്തിനു ശേഷം രാജ്യത്തെ ടെലിവിഷൻ വഴി അഭിസംബോധന ചെയ്താണ് നോട്ടുനിരോധനം പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് 2,000 രൂപയുടെയും 500 രൂപയുടെയും പുതിയനോട്ടുകൾ രാജ്യത്ത് പുറത്തിറക്കിയത്. കള്ളനോട്ടിന്‍റെയും കള്ളപ്പണത്തിന്‍റെയും ഉപയോഗം ഇല്ലാതാവുമെന്നും അഴിമതി കുറയുമെന്നും അവകാശപ്പെട്ടായിരുന്നു നോട്ടുനിരോധനം. 

500, 1000 നോട്ടുകൾ നിരോധിച്ചത് ശരിവച്ചത് ആറ് വർഷത്തിന് ശേഷം

500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ച കേന്ദ്ര സർക്കാർ നടപടി, 6 വർഷത്തിന് ശേഷം 2023 ജനുവരിയിലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ ശരിവച്ചത്. അഞ്ചംഗ ബെഞ്ചിൽ നാലു​പേർ അനുകൂലിച്ചപ്പോൾ ഏക വനിത അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്ന ഭൂരിപക്ഷാഭിപ്രായത്തോടു വിയോജിച്ചു പ്രത്യേക വിധിന്യായമെഴുതി. നടപടി നിയമവിരുദ്ധമാണെന്നായിരുന്നു നാഗരത്നയുടെ വിധി.

2016 നവംബർ 8നു നോട്ടുനിരോധന പ്രഖ്യാപനം വന്നതിനു പിന്നാലെ വിവിധ കോടതികളിലെത്തിയ ഹർജികൾ ഒന്നിച്ചു പരിഗണിച്ച സുപ്രീം കോടതിയുടെ രണ്ടംഗ ബെ‍ഞ്ച്, ഇതിലെ ഭരണഘടന പ്രശ്നങ്ങൾ അഞ്ചംഗ ബെഞ്ചിനു വിടുകയായിരുന്നു. നടപടിക്രമം പാലിച്ചില്ലെന്നു പറയാനാകില്ലെന്നും സാമ്പത്തിക നയകാര്യങ്ങളിൽ ഇടപെടാൻ കോടതിക്കു പരിമിതിയുണ്ടെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് ബി.ആർ. ഗവായ് ഭൂരിപക്ഷ വിധിയെഴുതിയത്. ബെഞ്ചിലെ മറ്റു 3 പേർ കൂടി ഇതിനോടു യോജിച്ചു.

ജഡ്ജിമാരായ എസ്.അബ്ദുൽ നസീർ, ബി.ആർ.ഗവായ്, എ.എസ്.ബൊപ്പണ്ണ, വി. രാമസുബ്രമണ്യൻ എന്നിവരാണ് ഭൂരിപക്ഷ വിധിയിൽ ഒരുമിച്ചത്. നോട്ടുനിരോധനത്തിന് നിയമ സാധുതയുണ്ടെന്നും നിയമ– ഭരണഘടനപരമായ പിഴവുകൾ തീരുമാനത്തിൽ ഇ​ല്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. കള്ളപ്പണ ഇടപാട് ഇല്ലാതാക്കുക, തീവ്രവാദ ഫണ്ടിങ് അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിച്ചോ ഇല്ലയോ എന്നതു പ്രസക്തമ​ല്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടി. കുറച്ചാളുകൾ ബുദ്ധിമുട്ടിയെന്നതു കൊണ്ട് നോട്ടുനിരോധനം അസാധുവാണെന്നു പറയാനാകില്ല എന്നായിരുന്നു ഭൂരിപക്ഷ ജഡ്ജിമാരുടെ അഭിപ്രായം.

എന്നാൽ, ആർ.ബി.ഐയോട് ശിപാർശ , കേന്ദ്രം ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന പ്രത്യേക വിധിയിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ താൽപര്യപ്രകാരം എന്ന പരാമർശം തന്നെ ആർബിഐ സമർപ്പിച്ച രേഖകളിലുണ്ട്. സ്വതന്ത്രമായ ആലോചന അവരിൽ നിന്നുണ്ടായില്ല, കേന്ദ്ര തീരുമാനത്തെ അവർ അംഗീകരിക്കുക മാത്രമായിരുന്നുവെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.

ഏതെങ്കിലുമൊരു സീരീസിലെ നോട്ടു നിരോധിക്കുന്നതിനെക്കാൾ ഗൗരവമേറിയ വിഷയമാണ് 500, 1000 രൂപ നോട്ടുകൾ പൂർണമായി നിരോധിക്കുന്നത്. ഇതു കേവലമൊരു വിജ്ഞാപനമിറക്കി ചെയ്യാവുന്ന കാര്യമല്ല. പാർലമെന്റിൽ വിഷയം ചർച്ച ചെയ്തു നിയമനിർമാണം നടത്തണമായിരുന്നു -നാഗരത്ന ചൂണ്ടിക്കാട്ടി.

Tags:    
News Summary - RBI to withdraw Rs 2,000 notes from circulation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT