നിതീഷ് കുമാറിന്‍റെ പ്രധാനമന്ത്രി മോഹം; വിമർശനവുമായി മുൻ കേന്ദ്രമന്ത്രി ആർ.സി.പി. സിങ്

പാട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ഡൽഹി സന്ദർശനം തുടരുന്നതിനിടെ രൂക്ഷവിമർശനവുമായി മുൻ കേന്ദ്രമന്ത്രി ആർ.സി.പി. സിങ്. മറ്റ് പ്രതിപക്ഷപാർട്ടി നേതാക്കളും പ്രധാന മന്ത്രിയാവാൻ യോഗ്യരാണെന്നും അതുകൊണ്ട് തന്നെ അവരെന്തിന് നിതീഷ് കുമാറിനെ പിന്തുണക്കണമെന്നും അദ്ദേഹം ചോദിച്ചു.

നിതീഷ് കുമാർ പ്രധാനമന്ത്രി സ്ഥാനാർഥിയാവും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് അടുത്തിടെ ജെ.ഡി.യു വിട്ട ആർ.സി.പി. സിങിന്‍റെ പ്രതികരണം. നിതീഷിന് ബിഹാറിൽ പ്രവർത്തിക്കാൻ ഇഷ്ടമല്ലെന്നും അതുകൊണ്ട് സമയം കളയാനാണ് ഡൽഹിയിലേക്ക് പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

നിതീഷ് കുമാർ മറ്റ് സംസ്ഥാനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. അദ്ദേഹത്തിന് പിന്തുണ കുറവാണ്. അതുകൊണ്ട് തന്നെ മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കൾ എന്തിന് അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കണം‍. എല്ലാ പ്രതിപക്ഷ പാർട്ടി നേതാക്കളും പ്രധാനമന്ത്രി സ്ഥാനത്തിന് അർഹരാണെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴെങ്കിലും ഏതെങ്കിലും പ്രതിപക്ഷ നേതാവുമായി നിതീഷ് കുമാർ നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കാനാണ് ബിഹാറിലെ ജനങ്ങൾ നിതീഷ് കുമാറിനെ തെരഞ്ഞടുത്തിരിക്കുന്നതെന്നും അല്ലാതെ ഡൽഹിയിൽ പോവാനും പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുമല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്താൻ ഡൽഹിയിലെത്തിയ നിതീഷ് കുമാർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടികാഴ്ച നടത്തിയിരുന്നു. നേരത്തെ, 2024ലെ പൊതു തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് പോരാടിയാൽ ബി.ജെ.പിയെ 50 സീറ്റിൽ ഒതുക്കാൻ സാധിക്കുമെന്ന് നിതീഷ് കുമാർ പറഞ്ഞിരുന്നു.

Tags:    
News Summary - RCP Singh has hit out at Bihar Chief Minister Nitish Kumar over his PM aspirations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.