ശ്രീനഗർ: ജമ്മു കശ്മീരിലെ രിയാസി ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച ബസ് ആക്രമിച്ച തീവ്രവാദികളിൽ ഒരാളുടെ രേഖാചിത്രം ജമ്മു കശ്മീർ പൊലീസ് പുറത്തുവിട്ടു. തീവ്രവാദികളെ നേരിൽകണ്ടവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്. തീവ്രവാദിയെ കുറിച്ച് വിവരം കൈമാറുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് ആറു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രിയാസി ജില്ലയിൽ സൈന്യത്തിന്‍റെ നേതൃത്വത്തിൽ തീവ്രവാദികൾക്കായി തിരച്ചിൽ തുടരുകയാണ്.
ഞായറാഴ്ച വൈകീട്ട് ജമ്മു കശ്മീരിലെ രിയാസി ജില്ലയിലെ തെരിയാത്ത് ഗ്രാമത്തിനു സമീപമാണ് തീർഥാടകരുമായി പോയ ബസിന് നേരെ തീവ്രവാദി ആക്രമണം നടന്നത്. ശിവ്ഖോഡി ക്ഷേത്രത്തിലേക്കുള്ള തീർഥാടകർ സഞ്ചരിച്ച ബസിനു നേരെ ഭീകരർ ഒളിഞ്ഞിരുന്ന് വെടിവെപ്പ് നടത്തുകയായിരുന്നു.
വെടിവെപ്പിൽ ഭയന്ന ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ആക്രമണത്തിന് തുടർന്ന് കൊക്കയിലേക്ക് മറിഞ്ഞ ബസിലെ 10 യാത്രക്കാർ മരിച്ചു. 42 പേർക്ക് പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സയിലുള്ള പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.