ബംഗളൂരു: ശക്തമായ മത്സരത്തിനൊടുവിൽ ബി.ജെ.പിയെ വ്യക്തമായ ലീഡിന് തറപറ്റിച്ച് കർണാടകയിൽ കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ചിരിക്കുന്നു. കർണാടകയിൽ ഒരു കക്ഷിയും തുടർച്ചയായി രണ്ട് തവണ അധികാരത്തിലിരുന്നിട്ടില്ല. വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് നീങ്ങിയപ്പോൾ 137 സീറ്റുകളിലാണ് കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്. ബി.ജെ.പിയുടെയും ജെ.ഡി.എസിന്റെയും മുന്നേറ്റം യഥാക്രമം 65ഉം 20 സീറ്റുകളിലൊതുങ്ങി. 224 അംഗ നിയമസഭയിലേക്ക് കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.
120ലേറെ സീറ്റുകൾ പാർട്ടിക്ക് ലഭിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പിക്ക് 65നും 70നുമിടയിലും ജെ.ഡി.എസിന് 25സീറ്റുകളും ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം കൊഴുക്കുകയാണ്. ഹനുമാൻ പോസ്റ്ററുകളുമായാണ് കോൺഗ്രസ് പ്രവർത്തകരുടെ ആഘോഷം. ഹിന്ദുത്വ കാർഡിറക്കാതെ പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് കോൺഗ്രസിന്റെ വിജയ കാരണങ്ങളിൽ ഒന്ന്. കർണാടക കോൺഗ്രസിലെ രണ്ട് അതികായൻമാരാണ് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും. ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമാണ്. എന്നാൽ അഭിപ്രായ വ്യത്യാസം പുറത്തെത്താതിരിക്കാൻ കോൺഗ്രസ് ശ്രദ്ധിച്ചു. ഒന്നിക്കാവുന്ന മേഖലകളിൽ രണ്ടു നേതാക്കളെയും ഒന്നിച്ചുകൊണ്ടുപോകാനും പാർട്ടിക്ക് സാധിച്ചതു വഴി ഐക്യമുണ്ടെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനായി.
സ്ത്രീകളും യുവാക്കളുമായിരുന്നു പ്രധാനമായും ബി.ജെ.പിയുടെ വോട്ട് ബാങ്ക്. അവരെ തങ്ങൾക്കരികിലേക്ക് കൊണ്ടുവരാൻ കോൺഗ്രസ് നന്നായി പരിശ്രമിച്ചു. പോപുലർ ഫ്രണ്ട് പോലെ ബജ്റംഗ് ദളിനെയും നിരോധിക്കുമെന്ന മാനിഫെസ്റ്റോ കുറച്ചു കടന്നുപോയി എന്ന് ചില കോൺഗ്രസ് നേതാക്കൾക്കെങ്കിലും തോന്നിയിട്ടുണ്ടാകും. എന്നിട്ടും പോപുലർ ഫ്രണ്ടിനെ പോലെ ബജ്റംഗ് ദളിനെയും നിരോധിക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് കോൺഗ്രസ് പിന്നാക്കം പോയില്ല. മുസ്‍ലിംകളുടെ വോട്ട് ഉറപ്പിക്കാൻ ഇതിലൂടെ കോൺഗ്രസിനു സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.