ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമന പ്രക്രിയ തുടങ്ങിയ ശേഷം യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് സുപ്രീംകോടതി. യോഗ്യതയിൽ മാറ്റം വരുത്തണമെങ്കിൽ ചട്ടം നേരത്തെയുണ്ടായിരിക്കണമെന്നും അത് ഭരണഘടനയുടെ അനുച്ഛേദം 14 പ്രകാരമുള്ള തുല്യതയെന്ന അവകാശം ലംഘിക്കാത്തതും സുതാര്യവും ആയിരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
നിയമ പരിരക്ഷയുള്ള നിയമനങ്ങൾ യോഗ്യതയുടെയും മാനദണ്ഡത്തിന്റെയും അടിസ്ഥാനത്തിലേ നടത്താൻ സാധിക്കൂ. ഒഴിവ് നികത്തേണ്ടെന്ന് വേണമെങ്കിൽ സർക്കാറിന് തീരുമാനിക്കാം. എന്നാൽ, ഒഴിവ് നിലവിലുണ്ടെങ്കിൽ മാനദണ്ഡപ്രകാരം തയാറാക്കിയ പട്ടികയിൽനിന്ന് ആരെയും ഏകപക്ഷീയമായി ഒഴിവാക്കാൻ കഴിയില്ല.
നിയമന അതോറിറ്റിക്ക് തസ്തികയിലേക്ക് അനുയോജ്യമായവരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം ആവിഷ്കരിക്കാം. നിയമന പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾക്കുള്ള മാനദണ്ഡങ്ങളും സജ്ജമാക്കാം. അത്തരത്തിലുള്ള ഏതെങ്കിലും മാനദണ്ഡം സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ നിയമന പ്രക്രിയ ആരംഭിക്കുന്നതിനുമുമ്പ് അത് വ്യവസ്ഥ ചെയ്യേണ്ടതാണെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
രാജസ്ഥാൻ ഹൈകോടതിയിൽ പരിഭാഷക തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. ഉദ്യോഗാർഥികൾക്ക് എഴുത്തുപരീക്ഷയും വ്യക്തിഗത അഭിമുഖവുമായിരുന്നു മാനദണ്ഡം നിശ്ചയിച്ചിരുന്നത്.
പിന്നീട് എഴുത്തുപരീക്ഷയിൽ 75 ശതമാനം മാർക്ക് വേണമെന്ന മാനദണ്ഡം പുറപ്പെടുവിച്ചു. ഇതിനെതിരെ പരീക്ഷാർഥികൾ കോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.