ന്യൂഡൽഹി: ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥറസിലേക്കുള്ള യാത്ര തടഞ്ഞ് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജയിൽ മോചനം ഉടൻ സാധ്യമാകും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിൽ അലഹബാദ് ഹൈകോടതി ലഖ്നോ ബെഞ്ച് ഡിസംബർ 24ന് ജാമ്യം അനുവദിച്ചതു പ്രകാരം പി.എം.എൽ.എ വിചാരണ കോടതി ജാമ്യവ്യവസ്ഥ നിശ്ചയിച്ചു.
ലക്ഷം രൂപ വീതമുള്ള രണ്ട് യു.പി സ്വദേശികളുടെ ആൾ ജാമ്യം വേണമെന്നാണ് കോടതി വ്യവസ്ഥവെച്ചിരിക്കുന്നത്. ആൾ ജാമ്യക്കാരുടെ രേഖകളുടെ പരിശോധന നടപടികൾ 10 ദിവസത്തിനകം പൂർത്തിയാക്കുമെന്ന് കോടതി ഉറപ്പുനൽകിയതായി അഭിഭാഷകൻ കെ.എസ്. മുഹമ്മദ് ദാനിഷ് പറഞ്ഞു. യു.എ.പി.എ കേസിൽ സുപ്രീംകോടതി സെപ്റ്റംബർ ഒമ്പതിന് ജാമ്യം സിദ്ദീഖിന് ജാമ്യം അനുവദിച്ചിരുന്നു.
ഈ കേസിൽ ആൾ ജാമ്യം നിന്ന ലഖ്നോ സർവകലാശാല മുൻ വൈസ് ചാൻസലർ രൂപ് രേഖ വർമ, യു.പി സ്വദേശി എന്നിവർ സമർപ്പിച്ച രേഖകളുടെ പരിശാധന നടപടികൾ മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഇവർ ചൊവ്വാഴ്ച കോടതിയിൽ ഹാജരായി ജാമ്യ നടപടികൾ പൂർത്തിയാക്കുമെന്നും മുഹമ്മദ് ദാനിഷ് വ്യക്തമാക്കി. യു.എ.പി.എ കേസിൽ രേഖകളുടെ പരിശോധന നടപടികൾ വൈകിപ്പിച്ചത് അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് 10 ദിവസത്തിനകം പൂർത്തിയാക്കുമെന്ന് പി.എം.എൽ.എ കോടതി ഉറപ്പ് നൽകിയത്.
സിദ്ദീഖ് താമസിക്കുന്ന ഡൽഹി ഭോഗലിലെ എ.ടി.എം സെന്ററിനൊപ്പമുള്ള കാഷ് ഡെപ്പോസിറ്റ് മെഷിനിൽനിന്നും അക്കൗണ്ടിലേക്ക് 45,000 രൂപ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് 2021 ഫെബ്രുവരിയിൽ ഇ.ഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തിയത്.
ഹാഥറസിലേക്ക് സിദ്ദീഖ് സഞ്ചരിച്ച കാർ ഡ്രൈവർ മുഹമ്മദ് ആലത്തിന് യു.എ.പി.എ കേസിലും ഇ.ഡി കേസിലും മാസങ്ങൾക്ക് മുമ്പ് ജാമ്യം ലഭിച്ചെങ്കിലും പൊലീസ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാത്തതിനാൽ ഇതുവരെ ജയിൽമോചിതനാകാൻ സാധിച്ചിട്ടില്ല. 2020 ഒക്ടോബറിലാണ് സിദ്ദീഖ് കാപ്പൻ ഉൾപ്പെടെ നാലു പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.