ന്യൂഡൽഹി: വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണക്ക് അറസ്റ്റ് ചെയ്യപ്പെട്ട അർണബ് ഗോസ്വാമിക്ക് നീതി വേണമെന്ന് മുറവിളി ഉയർത്തുന്നവർ സഞ്ജീവ് ഭട്ട് ഐ.പി.എസിനെക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടതെന്ന് സാമൂഹിക മാധ്യമങ്ങളിൽ ആവശ്യം. 'സഞ്ജീവ് ഭട്ടിനെ വിട്ടയക്കുക' എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ ഈ വിഷയം ട്രെൻഡിങ്ങാണ്.
അൻവയ് നായ്ക് ആത്മഹത്യ പ്രേരണ കേസിൽ കുറച്ചു ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ടപ്പോൾ ജീവിതം അപകടത്തിലാണെന്നും രക്ഷിക്കണേയെന്നും പറഞ്ഞ് കരയുന്ന റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിയുമായി താരതമ്യം ചെയ്താണ് സഞ്ജീവിെൻറ ധീരതയെയും ഇച്ഛാശക്തിയെയും ആളുകൾ പുകഴ്ത്തുന്നത്. ആത്മഹത്യ കുറിപ്പിൽ അർണബിെൻറ പേര് എഴുതിവെച്ചാണ് അൻവയ് ആത്മഹത്യ ചെയ്തത്. ഈ കേസിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത അർണബ് റിമാൻഡിലാണിപ്പോൾ.
'രണ്ട് പുരുഷന്മാർ! ഒരാൾ രാജ്യത്തെ ഉന്നത ഭരണാധികാരികളാലും കോടതികളാലും മുഴുവൻ ബി.ജെ.പി സംവിധാനങ്ങളാലും നിരന്തരം വേട്ടയാടപ്പെടുന്നയാൾ. കാലങ്ങളായി ജാമ്യം കിട്ടാതെ, സ്വന്തം കുടുംബാംഗങ്ങളെപ്പോലും കാണാനാവാതെ കഴിയുേമ്പാഴും നെഞ്ചുയർത്തിപ്പിടിച്ച്, ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാതെ ധീരനാണയാൾ. അപരനാവട്ടെ, ഭരണാധികാരികളുടെ ഓമനയായിട്ടും നേരിയൊരു തിരിച്ചടിയിൽപോലും പട്ടിക്കുഞ്ഞിനെപ്പോലെ മോങ്ങുകയാണ്' -ഒരാൾ ട്വിറ്ററിൽ കുറിച്ചതിങ്ങനെ.
പൊലീസുകാർക്ക് നടുവിൽ പുഞ്ചിരിയോടെ നിൽക്കുന്ന സഞ്ജീവ് ഭട്ടിെൻറ ചിത്രവും പൊലീസ് വാനിനുള്ളിൽ കരയുന്ന അർണബിെൻറ ചിത്രവും ചേർത്തുവെച്ച് ട്വീറ്റ് ചെയ്ത കോൺഗ്രസ് നേതാവ് ശ്രീവത്സ സഞ്ജീവിന് 'ഹീറോ' എന്നും അർണബിന് 'സീറോ' എന്നും അടിക്കുറിപ്പ് നൽകി.
രണ്ടു വർഷം പഴക്കമുള്ള കേസിൽ അർണബിനെ അറസ്റ്റ് ചെയ്തത് വലിയ പാതകമായിപ്പോയെന്ന് പറയുന്നവർക്ക് മുന്നിൽ സഞ്ജീവിെൻറ ദുരവസ്ഥ ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററാറ്റികൾ മറുപടി നൽകുന്നത്. 1990ലെ ഒരു കസ്റ്റഡി മരണത്തിൽ പ്രതി ചേർത്താണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. അന്വേഷണം അവസാനിപ്പിച്ച കേസ് ഏറെക്കാലത്തിനുശേഷം 2012ൽ വീണ്ടും തുറന്ന് സഞ്ജീവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സഞ്ജീവിെൻറ അറസ്റ്റിനെ വലിയ തോതിൽ പ്രകീർത്തിച്ചയാളാണ് അർണബെന്നും ട്വിറ്ററാറ്റികൾ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് പറഞ്ഞതാണ് സഞ്ജീവിനെതിരായ അധികൃതരുടെ നടപടികൾക്ക് പിന്നിലെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.