ന്യൂഡൽഹി: ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോക്ടറും പ്രമുഖ ഗൈനക്കോളജിസ്റ്റുമായ എസ്.കെ. ബണ്ഡാരി കോവിഡ് ബാധിച്ച് മരിച്ചു. 86 വയസായിരുന്നു. കോവിഡ് ബാധിതയായി ചികിത്സയിലായിരുന്ന അവർ വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി മക്കളായ പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ പ്രസവിച്ചപ്പോഴും പ്രിയങ്ക രണ്ടുമക്കളെ പ്രസവിച്ചപ്പോഴും ചികിത്സ നൽകിയത് ഇവരായിരുന്നു.
ഹൃദയ സംബന്ധമായ ചികിത്സക്ക് രണ്ടാഴ്ച മുമ്പാണ് ബണ്ഡാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ആരോഗ്യനില വഷളായതോടെ വ്യാഴാഴ്ച ഉച്ച മണിയോടെ മരിച്ചതായി ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ. ഡി.എസ്. റാണ പറഞ്ഞു.
കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടു ഡോസും ബണ്ഡാരി സ്വീകരിച്ചിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് വിരമിച്ച ഐ.എ.എസ് ഓഫിസറായ ഇവരുടെ ഭർത്താവ് ഐ.സി.യുവിൽ ചികിത്സയിൽ തുടരുകയാണ്. 97 വയസായ അദ്ദേഹത്തെ ഭാര്യയുടെ മരണവിവരം അറിയിച്ചിട്ടില്ല.
ഡോക്ടറുടെ മരണത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ദുഃഖം രേഖപ്പെടുത്തി. ലണ്ടനിൽനിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയശേഷം ഡൽഹിയിലെ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു അവർ. തുടർന്ന് 58 വർഷം ഗംഗാറാം ആശുപത്രിയിൽ ബണ്ഡാരി സേവനം അനുഷ്ഠിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.