ന്യൂഡൽഹി: കരാറുകളിൽ മുസ്ലിം വിഭാഗത്തിന് നാലുശതമാനം സംവരണം ഏർപ്പെടുത്താനുള്ള കർണാടക സർക്കാർ തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് ബി.ജെ.പി. കോൺഗ്രസിന്റെ പ്രീണന നയമാണ് ഇതു വ്യക്തമാക്കുന്നതെന്നും ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് പറഞ്ഞു.
തുടർച്ചയായ തോൽവികളിൽനിന്നും പാഠം ഉൾക്കൊള്ളാൻ കോൺഗ്രസ് തയാറാവുന്നില്ല. സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ കണക്കിലെടുത്തുള്ള സംവരണമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ മുസ്ലിം വിഭാഗം ഇത്തരത്തിൽ ഭരണഘടനാനുസൃതമായ സംവരണാനുകൂല്യങ്ങൾ സ്വീകരിക്കുന്നുണ്ട്. മതപരമായ സംവരണം എതിർക്കുന്നതാണ് ബി.ജെ.പിയുടെ നയം. കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യൂർമെന്റ് ആക്ടിൽ (കെ.ടി.പി.പി) ഭേദഗതി വരുത്തി മുസ്ലിം വിഭാഗത്തിന് നാലുശതമാനം സംവരണം കരാറുകളിൽ കൊണ്ടുവരുന്നത് ദേശീയതലത്തിലടക്കം ദൂരവ്യാപകമായ പ്രതിസന്ധികൾ ഉണ്ടാക്കുമെന്നും രാജ്യത്ത് അനൈക്യത്തിന് കാരണമാകുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
സ്വാതന്ത്ര്യ പോരാട്ടത്തിൽ എല്ലാ വിഷയങ്ങളിലും മുസ്ലിംകളെ വേറിട്ട് കണ്ടതാണ് രാജ്യത്തിന്റെ വിഭജനത്തിൽ കലാശിച്ചത്. മതാടിസ്ഥാനത്തിലുള്ള സംവരണത്തെ സുപ്രീംകോടതി എതിർത്തിട്ടുള്ളതാണ്. കർണാടക സർക്കാറിന്റെ നിലവിലെ നീക്കം കോടതിയിൽ ചോദ്യം ചെയ്യും. തുടരെയുള്ള രാഹുലിന്റെ വിയറ്റ്നാം യാത്രകൾ ദുരൂഹമാണെന്നും ജയശങ്കർ പ്രസാദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നിർമാണ കരാറുകളിൽ മുസ്ലിം വിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്തുന്ന കെ.ടി.പി.പി (കർണാടക ട്രാൻസ്പെരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ്) നിയമ ഭേദഗതിക്കാണ് കഴിഞ്ഞ ദിവസം കർണാടക മന്ത്രിസഭ അനുമതി നൽകിയത്. രണ്ടുകോടി വരെയുള്ള ടെന്ററുകളിൽ നാലു ശതമാനം സംവരണം മുസ്ലിം വിഭാഗക്കാർക്ക് അനുവദിക്കാനാണ് സർക്കാർ തീരുമാനം. രണ്ടുകോടി വരെയുള്ള കരാറുകളിൽ നേരത്തേ എസ്.സി- എസ്.ടി വിഭാഗങ്ങളടക്കമുള്ള രണ്ട് കാറ്റഗറികൾക്ക് സംവരണമുണ്ട്. ഇതേ മാതൃകയിൽ രണ്ട് ബി കാറ്റഗറിയിലെ മുസ്ലിം വിഭാഗങ്ങൾക്കും കരാറുകളിൽ സംവരണം ഏർപ്പെടുത്തുമെന്ന് മാർച്ച് ഏഴിന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.