ന്യൂഡല്‍ഹി: സംവരണം മൗലികാവകാശമല്ലെന്നും ഭരണഘടനയുടെ 32ാം അനുഛേദം അനുസരിച്ച് സുപ്രീംകോടതിയെ സമീപിക്കേണ്ടത് മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോഴാണെന്നും സുപ്രീം കോടതി. നീറ്റ് പ്രവേശന പരീക്ഷയിൽ 50 ശതമാനം പിന്നാക്ക സംവരണം വേണമെന്ന ആവശ്യവുമായി തമിഴ്നാട് സി.പി.എം ഘടകത്തിന് മദ്രാസ് ഹൈകോടതിയെ സമീപിക്കാമെന്നും പരമോന്നത കോടതി വ്യക്തമാക്കി.
മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം ഉറപ്പാക്കുന്നത് വരെ നീറ്റ് നടത്തരുതെന്ന് കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു തമിഴ്നാട് സി.പി.എമ്മിെൻറയും ഡി.എം.കെയുടെയും ആവശ്യം. ഒരേ കാര്യത്തിന് നിരവധി പാര്‍ട്ടികള്‍ ഒരുമിച്ച് വരുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ഇത് തമിഴ്നാട്ടില്‍ പതിവില്ലാത്തതാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സുപ്രീംകോടതിയില്‍ വരുന്നതിനെ അഭിനന്ദിക്കുന്നു. എന്നാല്‍ സി.പി.എമ്മും ഡി.എം.കെയും നല്കിയ ഹരജികള്‍ പരിഗണിക്കാനാവില്ലെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് മദ്രാസ് ഹൈകോടതിയെ സമീപിക്കാനും അതിനായി ഹരജി സുപ്രീംകോടതിയില്‍ നിന്ന് പിന്‍വലിക്കാനും ഇരുപാര്‍ട്ടികള്‍ക്കും ബെഞ്ച് അനുമതി നല്കി.
തമിഴ്നാട്ടില്‍ നിലവിലുള്ള 50 ശതമാനം പിന്നാക്ക വിഭാഗ സംവരണം അഖിലേന്ത്യ പ്രവേശന പരീക്ഷ വന്നതോടെ എടുത്തുകളഞ്ഞതിന് ന്യായീകരണമില്ലെന്ന് ഹരജികളില്‍ ബോധിപ്പിച്ചിരുന്നു.
അതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 50 ശതമാനം പിന്നാക്ക വിഭാഗങ്ങള്‍ക്കും ഏറ്റവും പിന്നാക്ക വിഭാഗങ്ങള്‍ക്കും 18 ശതമാനം പട്ടിക ജാതിക്കാര്‍ക്കും ഒരു ശതമാനം പട്ടിക വര്‍ഗക്കാര്‍ക്കും സംവരണം ചെയ്ത 1993ലെ തമിഴ്നാട്ടിലെ നിയമത്തിെൻറ അടിസ്ഥാനത്തില്‍ നീറ്റില്‍ സംവരണം വേണമെന്നായിരുന്നു ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.