ന്യൂഡല്‍ഹി: കള്ളപ്പണത്തിന് ഉയര്‍ന്ന നികുതിയും പിഴയും ഈടാക്കാന്‍ വ്യവസ്ഥചെയ്ത് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ കൊണ്ടുവന്ന ആദായനികുതി നിയമഭേദഗതി വ്യവസ്ഥകള്‍ കള്ളസ്വര്‍ണത്തിനും ബാധകം. എന്നാല്‍, മുന്തിയ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ കള്ളപ്പണ വേട്ടയുടെ പേരില്‍ സ്വര്‍ണനിയന്ത്രണം കൊണ്ടുവരുന്നുവെന്ന ആശങ്കകള്‍ സര്‍ക്കാര്‍ തള്ളി.
വിവാഹിതരായ സ്ത്രീകള്‍ക്ക് 500 ഗ്രാം (62.5 പവന്‍), അവിവാഹിത സ്ത്രീകള്‍ക്ക് 250 ഗ്രാം (31.25 പവന്‍), പുരുഷന്മാര്‍ക്ക് 100 ഗ്രാം (12.5 പവന്‍) എന്നിങ്ങനെയാണ് നിയമപ്രകാരം സ്വര്‍ണം അനുവദിച്ചിട്ടുള്ളത്. അതില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിക്കുന്നതായി കണ്ടത്തെിയാല്‍ ഉറവിടം വെളിപ്പെടുത്തേണ്ടിവരും. ഇത് നിലവിലുള്ള നിയമവ്യവസ്ഥയാണ്. ആദായനികുതി നിയമം ഭേദഗതി ചെയ്യുമ്പോള്‍ കള്ളപ്പണത്തിന്‍െറ കാര്യത്തിലെന്നപോലെ, പിടിക്കപ്പെടുന്ന കള്ളസ്വര്‍ണത്തിനും 85 ശതമാനം വരെ നികുതി, പിഴ, സര്‍ചാര്‍ജ് എന്നീ ഇനങ്ങളില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ സര്‍ക്കാറിന് സാധിക്കും.
ആദായനികുതി നിയമപ്രകാരം അവിഹിത സ്വര്‍ണം എപ്പോഴും പിടിക്കപ്പെടാം. എന്നാല്‍, കുടുംബസ്വത്തെന്ന നിലയില്‍ കൈമാറിക്കിട്ടിയത്, കൃഷിയില്‍നിന്നുള്ള വരുമാനം, വരുമാനത്തില്‍നിന്ന് മിച്ചം പിടിച്ചത് എന്നിങ്ങനെ സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയുന്ന സ്വര്‍ണത്തിനുമേല്‍ പിടിവീഴില്ല. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് കള്ളപ്പണം സ്വര്‍ണമാക്കി മാറ്റിയവര്‍ കുടുങ്ങുമെന്ന സന്ദേശമാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്ന് ഉണ്ടായതെങ്കിലും, സ്വര്‍ണത്തിന് നിയന്ത്രണം വരുന്നുവെന്ന പരിഭ്രാന്തിയാണ് ടി.വി ചാനല്‍ വാര്‍ത്തകളിലും മറ്റുമായി പടര്‍ന്നത്.
വീടുകളില്‍ ഉപയോഗത്തിലിരിക്കുന്ന നികുതിവിധേയമായ സ്വര്‍ണത്തിന് പിടിവീഴുമെന്ന മട്ടില്‍ പ്രചരിക്കുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ളെന്ന് ധനമന്ത്രാലയം വിശദീകരിച്ചു. ആദായനികുതി നിയമത്തിലെ 115 ബി.ബി.ഇ വകുപ്പു പ്രകാരമുള്ള നികുതി നിരക്കുകള്‍ ഉയര്‍ത്തി നിശ്ചയിക്കുകമാത്രമാണ് ചെയ്തത്. ഉറവിടം വെളിപ്പെടുത്താന്‍ കഴിയാതെ വരുന്ന വരുമാനത്തിന് വന്‍നികുതിയും പിഴയും ഈടാക്കാന്‍ മാത്രമാണ് തീരുമാനമെന്നും പ്രസ്താവന വിശദീകരിച്ചു. ന്യായയുക്തമാണെങ്കില്‍ സ്വര്‍ണം എത്ര അളവില്‍ വേണമെങ്കിലും സൂക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.