ബംഗളൂരു: പാഠപുസ്തകങ്ങളിൽ നിന്നും ടിപ്പുവിനെ സുൽത്താനെ കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ്. എന്നാൽ, പാഠഭാഗങ്ങളിലെ ടിപ്പുവിനെ മഹത്വവൽക്കരിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഷിത് ചക്രതീർഥ നേതൃത്വം നൽകി പരിഷ്കരണ കമ്മിറ്റി ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളിൽ മാറ്റം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന.
ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ടിപ്പു സുൽത്താന്റെ പാഠഭാഗങ്ങൾ പൂർണമായും നീക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി മറുപടി നൽകി. ചരിത്രപരമായി തെളിവുള്ള വസ്തുതകൾ ഉൾപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരുടേയോ ഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.
പാഠപുസ്തക പരിഷ്കരണ കമ്മിറ്റയുടെ ശിപാർശ പ്രകാരം ടിപ്പുവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഒഴിവാക്കേണ്ടതില്ല. എന്നാൽ, ടിപ്പുവിനെ മഹത്വവൽക്കരിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്ന് നിർദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാഠപുസ്തക പരിഷ്കരണ കമ്മിറ്റിയുടെ തവൻ റോഹിത് ചക്രതീർഥ വലതുപക്ഷ ചിന്തകനാണെന്നും വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നതെന്നുമുള്ള ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
2019ൽ അധികാരത്തിലെത്തിയതിന് ശേഷം മുൻ സർക്കാറുകൾ നടത്തിവന്നിരുന്ന ടിപ്പുവിന്റെ ജന്മവാർഷിക ആഘോഷങ്ങൾ ബി.ജെ.പി നിർത്തിയിരുന്നു. 2020ൽ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നും ടിപ്പുസുൽത്താനുമായി ബന്ധപ്പെട്ട ചില പാഠഭാഗങ്ങൾ നീക്കിയിരുന്നു. കോവിഡിനെ തുടർന്ന് പാഠഭാഗങ്ങൾ കുറക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സർക്കാർ അന്ന് വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.