ആർ.ജി കർ കേസ്: വിചാരണ ഇന്ന് തുടങ്ങും

കൊൽക്കത്ത: ആർ.ജി കർ ആശുപത്രിയിൽ വനിതാ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്ച വിചാരണ ആരംഭിക്കും. കൊൽക്കത്തയിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്.

കേസിലെ പ്രതി സഞ്ജയ് റോയിക്കെതിരായ കുറ്റം ചുമത്തുന്നതിനുള്ള നടപടിക്രമം നവംബർ നാലിന് പൂർത്തിയായിരുന്നു. ഡോക്‌ടറുടെ മൃതദേഹം ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തി 94 ദിവസങ്ങൾക്ക് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്.

സഞ്ജയ് റോയ് മാത്രമാണ് കേസിലെ പ്രതിയെന്നാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. കൂട്ടബലാത്സംഗം സംബന്ധിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. ആഗസ്റ്റ് ഒന്‍പതിന് രാത്രി ഡോക്ടര്‍ ഉറങ്ങാന്‍ പോയപ്പോൾ സിവില്‍ വളണ്ടിയറായ സഞ്ജയ് റോയ് എന്നയാളാണ് കൃത്യം നടത്തിയതെന്ന് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ വച്ചാണ് കൃത്യം നടത്തിയതെന്നും പ്രതി ഒറ്റക്കാണ് ഡോക്ടറെ കൊലപ്പെടുത്തിയതെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസിൽ 200 ഓളം പേരുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം റോയ് സെമിനാര്‍ ഹാളിലേക്ക് കയറിയതടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിറ്റേദിവസം പൊലിസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ആഗസ്റ്റ് പതിനാലിന് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. ഇതിന് പിന്നാലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും നുണപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.

എന്നാൽ, താൻ ബലാത്സംഗമോ കൊലപാതകമോ ചെയ്തിട്ടില്ലെന്നും സർക്കാർ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും അടുത്തിടെ റോയ് അവകാശപ്പെട്ടു. 

Tags:    
News Summary - RG Kar case: Trial to start in special Kolkata court today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.