റിമാൽ ചുഴലിക്കാറ്റ് കരതൊട്ടു; 135 കിലോമീറ്റര്‍ വരെ വേഗതയിൽ കാറ്റ് വീശുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ റിമാൽ ചുഴലിക്കാറ്റ് കരതൊട്ടു. ശക്തമായ കാറ്റിനെ തുടർന്ന് സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ദേശീയ ദുരന്ത നിവാരണ സേന മരങ്ങള്‍ മുറിച്ചു മാറ്റുകയാണ്. 110 മുതല്‍ 135 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ബംഗ്ലദേശിലെ സാത്കിര ജില്ലയില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് ചുഴലിക്കാറ്റ് ആദ്യം കരതൊട്ടത് . ബംഗാളില്‍ ഞായറാഴ്ച രാവിലെ മുതല്‍ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.

ചുഴലിക്കാറ്റിനെ തുടർന്ന് ബംഗാളിലെ തീരപ്രദേശങ്ങളില്‍ നിന്നും ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു. ദിഗയിലും ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന സജ്ജമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ത്രിപുരയില്‍ നാല് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അസം, മേഘാലയ, മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ട്.

ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി ട്രെയിനുകളും റദ്ദാക്കി. അതേസമയം ഞായറാഴ്ച ഉച്ചക്ക് 12 മണി മുതൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മണി വരെ കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു.

Tags:    
News Summary - Rimal cyclone; Wind gusts up to 135 kmph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.