ബംഗളൂരു: കോൺഗ്രസിന്റെ ചരിത്രവിജയത്തിനിടയിലും അനിശ്ചിതത്വം നിറഞ്ഞ് കർണാടകയിലെ ജയനഗർ മണ്ഡലത്തിലെ വോട്ടെണ്ണൽ. രാത്രി വൈകിയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാതിരുന്ന ജയനഗറിൽ ഒടുവിൽ ബി.ജെ.പി സ്ഥാനാർഥി സി.കെ രാമമൂർത്തി 16 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. നിരവധി തവണ വോട്ടെണ്ണിയതിന് ശേഷമാണ് ജയനഗറിലെ ഫലം പുറത്ത് വന്നത്. മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ആർ.വി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെയാണ് ഫലം പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റ് പ്രകാരം കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിക്ക് 57,781 വോട്ടാണ് ലഭിച്ചത്. ബി.ജെ.പിയുടെ രാമമൂർത്തിക്ക് 57,797 വോട്ടുകൾ ലഭിച്ചത്. ശനിയാഴ്ച രാത്രി വൈകിയും പ്രതിഷേധവുമായി കോൺഗ്രസും ബി.ജെ.പിയും വോട്ടെണ്ണൽ കേന്ദ്രത്തിലുണ്ടായിരുന്നു.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ കോൺഗ്രസ് നേതാവ് സൗമ്യ റെഡ്ഡിക്ക് നേരിയ ലീഡുണ്ടായിരുന്നു. പല റൗണ്ടുകളിലും അവർ അത് നിലനിർത്തുകയും ചെയ്തിരുന്നു. മൂന്ന് തവണയും വോട്ടെണ്ണിയതിന് ശേഷവും 160 വോട്ടുകളുടെ ലീഡ് സൗമ്യ റെഡ്ഡിക്കുണ്ടായിരുന്നു. എന്നാൽ, സി.കെ രാമമൂർത്തിയും ബി.ജെ.പി എം.പി തേജസ്വി സൂര്യയും ഒരിക്കൽ കൂടി വോട്ടെണ്ണാൻ ആവശ്യപ്പെടുകയായിരുന്നു. ഒടുവിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇത് അംഗീകരിക്കുകയായിരുന്നു.
ജയനഗർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്കെതിരെ പ്രതിഷേധവുമായി ശിവകുമാർ രംഗത്തെത്തി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് രാമലിംഗ റെഡ്ഡിക്കൊപ്പം വോട്ടെടുപ്പ് കേന്ദ്രത്തിൽ പ്രതിഷേധിക്കുന്ന ചിത്രം ഡി.കെ ശിവകുമാർ പങ്കുവെച്ചിരുന്നു. പോളിങ് ബൂത്തിൽ ഡി.കെ ശിവകുമാർ പ്രതിഷേധവുമായി എത്തിയതോടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. അധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന ആരോപണവും ഡി.കെ ശിവകുമാർ ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.