ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ തന്ത്രമൊരുക്കാൻ ജൻ സൂരജ് പാർട്ടിയുടെ കൺവീനർ പ്രശാന്ത് കിഷോർ പ്രതിഫലമായി വാങ്ങുന്നത് വൻ തുക. 100 കോടി രൂപയാണ് ഇത്തരത്തിൽ പ്രശാന്ത് കിഷോർ പ്രതിഫലമായി വാങ്ങുന്നത്. ബിഹാറിലെ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നതിനിടെയാണ് പ്രശാന്ത് കിഷോർ പ്രതിഫലം വെളിപ്പെടുത്തിയത്.
ബേലാഗഞ്ചിലെ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. തന്റെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് ജനങ്ങൾ നിരന്തരമായി ചോദിക്കുകയാണ്. അതുകൊണ്ടാണ് തന്റെ പ്രതിഫലം വെളിപ്പെടുത്തുന്നതെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു.
ഇന്ത്യയിലെ പത്തോളം സർക്കാറുകൾ തന്റെ നിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ആവശ്യത്തിന് പണമില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ ?. ഇതുവരെ ബിഹാറിൽ ആരും തന്റെ പ്രതിഫലം എത്രയാണെന്ന് അറിഞ്ഞിട്ടില്ല. ഒരു തെരഞ്ഞെടുപ്പിനായി 100 കോടി രൂപയാണ് താൻ പ്രതിഫലമായി വാങ്ങുന്നതെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു.
ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിനായി ജൻ സൂരജ് പാർട്ടി സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. നാല് നിയമസഭ മണ്ഡലങ്ങളിലാണ് ജൻ സൂരജ് പാർട്ടി സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. ബെലാഗഞ്ചിൽ മുഹമ്മദ് അജ്മദ്, ഇമാംഗഞ്ചിൽ ജിതേന്ദ്ര പാസ്വാൻ, രാമഗ്രാഹിൽ സുശീൽ കുമാർ സിങ് കുഷ്വാര, തരാരിയിൽ കിരൺ സിങ് എന്നിവരാണ് സ്ഥാനാർഥികൾ.
നവംബർ 13നാണ് മണ്ഡലങ്ങളിൽ ഉപതെരഞ്ഞടുപ്പ് നടക്കുന്നത്. നവംബർ 23നാണ് വോട്ടെണ്ണൽ. ഇതിൽ ബെലാഗഞ്ച്, ഇമാംഗഞ്ച്, രാംഗ്രാഹ്, തരാരി എന്നി മണ്ഡലങ്ങളിലാണ് ജൻ സൂരജ് പാർട്ടി ഊന്നൽ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.