ഇസ്രായേൽ-ഹമാസ് പോലൊരു കലാപം ഇന്ത്യയിലുണ്ടായിട്ടില്ല; ഹിന്ദുമതം എല്ലാ വിഭാഗങ്ങളെയും ബഹുമാനിക്കുന്നു - ആർ.എസ്.എസ് തലവൻ

നാഗ്പൂർ: ഹിന്ദുമതം എല്ലാ വിഭാഗങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്നും ഇസ്രായേലും ഹമാസും തമ്മിൽ നടക്കുന്നത് പോലെയുള്ള യുദ്ധം ഇന്ത്യയിൽ ഇതുവരെയുണ്ടായിട്ടില്ലെന്നും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും അതിനർത്ഥം നമ്മൾ മറ്റ് മതസ്ഥരെ എതിർക്കുന്നുവെന്നല്ലെന്നും ഭാഗവത് പറഞ്ഞു. ഛാത്രപതി ശിവജി മഹാരാജിന്‍റെ കിരീടധാരണത്തിന്‍റെ 350-ാം വാർഷികത്തിൽ നാഗ്പൂരുലെ സ്കൂളിൽ നടന്ന് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഭാഗവത്.

"ഇന്ത്യയിൽ എല്ലാവരെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്കാരവുമുണ്ട്, അത് ഹിന്ദുമതമാണ്. ഇത് ഹിന്ദുക്കളുടെ രാജ്യമാണ്. അതിനർത്ഥം നമ്മൾ മറ്റ് മതസ്ഥരെ എതിർക്കുന്നുവെന്നല്ല. ഹിന്ദു എന്ന് പറഞ്ഞാൽ മുസ്ലിങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്നാണ്. ഹിന്ദുക്കൾ മാത്രമാണ് ഇത് ചെയ്യുന്നത്. ഇന്ത്യയിൽ മാത്രമാണ് ഇത് സംഭവിക്കുന്നത്. മറ്റാരും ഇങ്ങനെയൊന്നും ഇതുവരെ ചെയ്തിട്ടില്ല. ലോകത്തിന്‍റെ മറ്റെല്ലാ ഭാഗത്തും യുദ്ധങ്ങളും കലഹങ്ങളും നടക്കുന്നുണ്ട്. ഉക്രൈൻ, ഇസ്രായേൽ ഹമാസ് യുദ്ധം,എന്നിവയെ കുറിച്ചെല്ലാം നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇന്ത്യയിൽ ഇത്തരം വിഷയങ്ങളുടെ പേരിൽ ഇതുവരെ യുദ്ധമുണ്ടായിട്ടില്ല. പണ്ട് ശിവജി മഹാരാജിന്‍റെ കാലത്ത് നടന്ന കയ്യേറ്റം ഇപ്രകാരമായിരുന്നു. എങ്കിലും നമ്മൾ ആരുമായും യുദ്ധത്തിന് പോയിട്ടില്ല. അതുകൊണ്ടാണ് നമ്മൾ ഹിന്ദുക്കളായത്" - മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

ഫലസ്തീനിൽ ഇസ്രായേൽ അക്രമണം ശക്തമാക്കുന്നതിനിടെയാണ് ഭാഗവതിന്‍റെ പരാമർശം. ഇതുവരെ യുദ്ധത്തിൽ ഫലസ്തീനിൽ അയ്യായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഫലസ്തീനികളെ കൂട്ടത്തോടെ ശിക്ഷിക്കുന്ന ഇസ്രായേലിന്‍റെ നടപടി ഹമാസ് നടത്തിയ അപലപനീയമായ ആക്രമണത്തെ വെച്ച് ന്യായീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാധാരണ ജനങ്ങളുടെ ജീവനും കെട്ടിടങ്ങൾക്കും ബോംബാക്രമണത്തിൽ നിന്ന് സംരക്ഷണം വേണമെന്നും ഗുട്ടെറസ് പറഞ്ഞു. ഈജിപ്തിലെ കൈറോയിൽ അറബ് രാജ്യങ്ങളുടെ നേതൃത്വത്തിൽ ചേർന്ന സമാധാന ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

Tags:    
News Summary - RSS Chief says Hinduism respects every religion, says India never faced any situation like Israel-Hamas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.