ന്യൂഡൽഹി: ഇന്ത്യയിൽ ഫേസ്ബുക്കും വാട്ട്സ്ആപ്പും നിയന്ത്രിക്കുന്നത് ബി.ജെ.പിയും ആർ.എസ്.എസും ചേർന്നാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അവർ അതിലൂടെ വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയും അത് വോട്ടർമാരെ സ്വാധീനിക്കാൻ ഉപയോഗിക്കുകയുമാണ്. ഫേസ്ബുക്കിനെ കുറിച്ചുള്ള സത്യം അവസാനം അമേരിക്കൻ മാധ്യമങ്ങൾ തുറന്നുകാട്ടിയതായും രാഹുൽ ട്വിറ്ററിൽ പറഞ്ഞു.
BJP & RSS control Facebook & Whatsapp in India.
— Rahul Gandhi (@RahulGandhi) August 16, 2020
They spread fake news and hatred through it and use it to influence the electorate.
Finally, the American media has come out with the truth about Facebook. pic.twitter.com/Y29uCQjSRP
ഫേസ്ബുക്കിെൻറ വിദ്വേഷ പ്രസംഗ നിയമാവലികൾ ബി.ജെ.പി നേതാക്കൾക്കെതിരെയും ഹിന്ദുത്വവാദികൾക്കും സംഘടനകൾക്കും എതിരെയും നടപ്പാക്കുന്നത് കമ്പനിയുടെ ഇന്ത്യയിലെ ഉന്നതോദ്യോഗസ്ഥ തടയുന്നതായി ദ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ അപ്രീതിക്ക് പാത്രമാകുമെന്ന് ഭയന്ന് നേതാക്കളുടെ മുസ്ലിം വിരുദ്ധ പോസ്റ്റുകൾക്ക് നേരെ ഫേസ്ബുക് കണ്ണടക്കുന്നതായാണ് ആരോപണം.
വർഗീയ പരാമർശം നടത്തിയ തെലങ്കാനയിലെ ബി.ജെ.പി നേതാവ് ടി. രാജാ സിങ്ങിനെതിരെ വിദ്വേഷ പ്രസംഗ നിയമാവലി പ്രകാരം നടപടിയെടുക്കുന്നത് ഫേസ്ബുക്ക് ഉദ്യോഗസ്ഥ അംഖി ദാസ് തടഞ്ഞതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ബി.ജെ.പിയുമായുള്ള ബന്ധം ഉലയാതിരിക്കാനാണിത്. തെലങ്കാന നിയമസഭയിലെ ഒരേയൊരു ബി.ജെ.പി എം.എൽ.എയായ രാജാ സിങ് വിദ്വേഷപ്രസംഗങ്ങൾക്ക് കുപ്രസിദ്ധനാണ്.
ബി.ജെ.പി നേതാക്കൾക്കെതിരായ നടപടി ഫേസ്ബുക്കിെൻറ ഇന്ത്യയിലെ വ്യാപാര താൽപര്യങ്ങൾക്ക് തിരിച്ചടിയാകുമെന്ന് അംഖി ദാസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഫേസ്ബുക്ക് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
രാജാ സിങ്ങിനെ 'അപകടകരമായ വ്യക്തി' എന്ന് രേഖപ്പെടുത്തുന്നതിൽ അംഖിദാസ് ആശങ്ക ഉയർത്തിയിട്ടുണ്ടത്രെ. സിങ്ങിനെ വിലക്കുന്ന കാര്യം കമ്പനി ഇപ്പോഴും ആലോചിക്കുന്നുണ്ടെന്നും വക്താവ് പറയുന്നു.
മുസ്ലിംകൾ മനഃപൂർവം കൊറോണ വൈറസ് പരത്തുന്നുവെന്നും രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തി ലൗവ് ജിഹാദിന് നേതൃത്വം നൽകുന്നുവെന്നും ഉൾപ്പെടെ ബി.ജെ.പി നേതാക്കൾ പോസ്റ്റ് ചെയ്തിട്ടും ഇവർക്കെതിരെ നടപടിയെടുക്കാൻ ഫേസ്ബുക്ക് തയാറായിട്ടില്ല.
തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിക്ക് അനുകൂലമായി പ്രവർത്തിക്കാനും അംഖി ദാസ് ശ്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഏപ്രിലിൽ, ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ്, പാകിസ്താൻ പട്ടാളവുമായും കോൺഗ്രസുമായും ബന്ധമുള്ള ആധികാരികമല്ലാത്ത പേജുകൾ നീക്കിയതായി ഫേസ്ബുക്ക് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ബി.ജെ.പിയുമായി ബന്ധമുള്ള നുണ പ്രചരിപ്പിക്കുന്ന പേജുകൾ നീക്കിയോയെന്ന് ഫേസ്ബുക് വെളിപ്പെടുത്തിയില്ല. ഇതിന് പിന്നിൽ അംഖി ദാസാണ് ഇടപെട്ടതെന്ന് ഫേസ്ബുക്കിലെ മുൻ ജീവനക്കാരൻ പറയുന്നു.
രാജ സിങ്ങിെൻറയും ബി.ജെ.പി നേതാവായ അനന്തകുമാർ ഹെഗ്ഡേയുടെയും മുസ്ലിം വിരുദ്ധത നിറഞ്ഞ പോസ്റ്റുകൾ ഫേസ്ബുക്ക് നീക്കിയിരുന്നില്ല. വാൾസ്ട്രീറ്റ് ജേണൽ ലേഖകർ അന്വേഷിച്ചതിനെ തുടർന്ന് ഏതാനും പോസ്റ്റുകൾ ഒഴിവാക്കി. രാജാ സിങ്ങിന് നീല ടിക് അടയാളത്തോടെയുള്ള വെരിഫൈഡ് അക്കൗണ്ട് ഉണ്ടാവില്ലെന്നും ഫേസ്ബുക്ക് അറിയിച്ചതായി റിപ്പോർട്ട് പറയുന്നു.
മുസ്ലിംവിരുദ്ധ ട്വീറ്റുകളുടെ ഫലമായി അനന്തകുമാർ ഹെഗ്ഡേയുടെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചിരുന്നു. ഇത് കമ്പനിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഹെഗ്ഡേ ആരോപിക്കാൻ കാരണമായി. അതേസമയം, ഹെഗ്ഡേയുടെ കൊറോണ ജിഹാദ് പോസ്റ്റിനെതിരെ ഫേസ്ബുക്ക് യാതൊരു നടപടിയും എടുത്തിട്ടില്ല. ചില പോസ്റ്റുകൾ കഴിഞ്ഞ ദിവസങ്ങളിലായി നീക്കം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.