File Photo

ഭരണഘടനയുടെ പേരിൽ രാജ്യത്ത് മതഭ്രാന്ത് വളർത്തുന്നുവെന്ന് ആർ.എസ്.എസ്

ന്യൂഡൽഹി: ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്‍റെയും പേരിൽ രാജ്യത്ത് മതഭ്രാന്ത് വളർത്തുകയാണെന്ന് ആർ.എസ്.എസ്. സർക്കാർ സംവിധാനങ്ങളിൽ കയറിക്കൂടാൻ ഒരു പ്രത്യേക സമുദായം വിപുലമായ പദ്ധതി നടപ്പാക്കുന്നതായും ആർ.എസ്.എസ് ശനിയാഴ്ച പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ ആരോപിക്കുന്നു. ഈയൊരു വിപത്തിനെ പരാജയപ്പെടുത്താൻ സംഘടിത ശക്തിയോടെ ശ്രമം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

'രാജ്യത്ത് വളർന്നുവരുന്ന മതഭ്രാന്തിന്‍റെ ശക്തമായ സാന്നിധ്യം പല മേഖലകളിലും വീണ്ടും ഉയരുകയാണ്. കേരളത്തിലും കർണാടകയിലും ഹിന്ദു സംഘടനാ പ്രവർത്തകർ കൊല്ലപ്പെട്ടത് ഇതിന്‍റെ ഉദാഹരണമാണ്. ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും മറവിൽ വർഗീയ റാലികൾ, പ്രകടനങ്ങൾ തുടങ്ങിയവയും സാമൂഹിക അച്ചടക്ക ലംഘനങ്ങൾ, ആചാരങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനം എന്നിവയും നടക്കുന്നു. നിസ്സാര കാരണങ്ങളാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതും വർധിച്ചുവരികയാണ്' -വാർഷിക റിപ്പോർട്ടിൽ പറയുന്നു.

ദീർഘകാല ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതികൾക്കായി ഗൂഢാലോചന നടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഒരു പ്രത്യേക സമുദായത്തിന് സർക്കാർ സംവിധാനങ്ങളിൽ കയറിക്കൂടാനായി വിശാലമായ പദ്ധതിയുണ്ട്. ഇതിനെല്ലാം പിറകിൽ ആഴത്തിലുള്ളതും ദീർഘകാല ലക്ഷ്യംവെച്ചുള്ളതുമായ ഗൂഢാലോചനയുണ്ടെന്നാണ് കാണാൻ കഴിയുന്നത് -റിപ്പോർട്ടിൽ പറയുന്നു.

ഗുജറാത്തിൽ നടന്ന ആർ.എസ്.എസിന്‍റെ അഖില ഭാരതീയ പ്രതിനിധി സഭ ബൈഠകിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. സംഘ്പരിവാറിന്‍റെ എല്ലാ ഉന്നത നേതാക്കളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

നിർബന്ധിത മതപരിവർത്തനം നടക്കുന്നതായും ആർ.എസ്.എസ് ആരോപിക്കുന്നു. ഹിന്ദുക്കളെ ഗൂഢ പദ്ധതിയുടെ ഭാഗമായി മതപരിവർത്തനം ചെയ്യുന്നതായി പഞ്ചാബ്, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വിവരമുണ്ട്. മതപരിവർത്തനത്തിന് ഏറെക്കാലത്തെ ചരിത്രമുണ്ടെങ്കിലും ഇതിനായി പുതിയ മാർഗങ്ങളാണ് ഇപ്പോൾ നടപ്പാക്കുന്നതെന്നും ആർ.എസ്.എസ് ആരോപിക്കുന്നു. 

Tags:    
News Summary - RSS: Growing religious fanaticism in the name of Constitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.