ന്യൂഡൽഹി: തമിഴ്നാട്ടിലെ വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച പല കേസുകളിലും ആർ.എസ്.എസുകാർ ഇരകളാണെന്നും അപരാധികളല്ലെന്നും സുപ്രീംകോടതി. അതിനാൽ ആർ.എസ്.എസ് റൂട്ട് മാർച്ച് അനുവദിച്ച ഹൈകോടതി വിധികൾക്കെതിരെ സമർപ്പിച്ച ഹരജികൾ തള്ളുകയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തമിഴ്നാട്ടിൽ ആർ.എസ്.എസ് റൂട്ട് മാർച്ച് അനുവദിച്ചതിനെതിരെ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹരജികൾ തള്ളി പുറപ്പെടുവിച്ച വിധി പ്രസ്താവത്തിലാണ് ജസ്റ്റിസ് രാമസുബ്രഹ്മണ്യൻ അധ്യക്ഷനായ ബെഞ്ചിനെറ നിരീക്ഷണം.
മറ്റൊരു സംഘടനയെ നിരോധിച്ച ശേഷം തമിഴ്നാട്ടിലെ ചില മേഖലകളിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നതാണ് ആർ.എസ്.എസ് റൂട്ട് മാർച്ചിനെതിരെ തമിഴ്നാട് സർക്കാർ ഉന്നയിച്ച പ്രധാന തടസവാദമെന്ന് സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടി. അത്തരം കേസുകളുടെ വിശദാംശങ്ങൾ സുപ്രീംകോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. വിഷയത്തിന്റെ വൈകാരികത വിവരിക്കാനാണ് ഈ ചാർട്ട് സമർപ്പിച്ചത്. അവ പരിശോധിച്ചപ്പോഴാണ് പല കേസുകളിലും ആർ.എസ്.എസുകാർ ഇരകളാണെന്നും അപരാധികളല്ലെന്നും മനസിലായതെന്ന് ജസ്റ്റിസ് രാമസുബ്രഹ്മണ്യൻ അധ്യക്ഷനായ ബെഞ്ച് കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽ ആർ.എസ്.എസ് റൂട്ട് മാർച്ച് അനുവദിച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെയും സിംഗിൾ ബെഞ്ച് വെച്ച ഉപാധികൾ റദ്ദാക്കിയ മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെയും സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലുകൾ തള്ളിയ ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ അധ്യക്ഷനായ ബെഞ്ചിന്റെ വിധി പ്രസ്താവത്തിൽ ജസ്റ്റിസ് രാമസുബ്രഹ്മണ്യൻ മദ്രാസ് ഹൈകോടതി ജഡ്ജിയായിരുന്ന കാലത്തെ വിധികൾ കൂടിയാണ് ഹൈകോടതി പിന്തുടർന്നിട്ടുള്ളതെന്നും പറയുന്നുണ്ട്. ആർ.എസ്.എസ് റൂട്ട് മാർച്ച് പൂർണമായും വിലക്കാനല്ല, ബോംബ് സ്ഫോടനങ്ങൾ നടന്ന മേഖലകളിലും നിരോധിത സംഘടനയായ പോപുലർ ഫ്രന്റിന്റെ സ്വാധീനമേഖലകളിലും നിയന്ത്രണം ഏർപ്പെടുത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് തമിഴ്നാട് സർക്കാർ ബോധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.