ന്യൂഡൽഹി: കേന്ദ്ര–സംസ്ഥാന വിവരാവകാശ കമീഷൻ നിയമനങ്ങൾ 2019ലെ സുപ്രീംകോടതി വിധിക്ക് അനുസൃതമായാണോ നടത്തുന്നത് എന്നതുസംബന്ധിച്ച് നാലാഴ്ചക്കുള്ളിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നിർദേശം. 2019ലെ വിധി അനുസരിച്ചായിരിക്കണം നിയമനം നടക്കുന്നത് എന്ന് ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകയായ അഞ്ജലി ഭരദ്വാജ്, അഡ്വ. പ്രശാന്ത് ഭൂഷൺ വഴി സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എസ്. അബ്ദുൽ നസീർ, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.
കേന്ദ്ര വിവരാവകാശ കമീഷൻ (സി.ഇ.സി), സംസ്ഥാന വിവരാവകാശ കമീഷൻ (എസ്.ഐ.സി) നിയമനങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനായി കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതി നിരവധി നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഒഴിവു വരുന്നതിന് രണ്ടു മാസം മുമ്പുതന്നെ നിയമന പ്രക്രിയ ആരംഭിക്കണമെന്നും നിയമനം ഉദ്യോഗസ്ഥരിൽനിന്നുമാത്രം ഒതുങ്ങാതിരിക്കാൻ വിവിധ മേഖലകളിൽനിന്നുള്ളവരെ സെർച്ച് കമ്മിറ്റി തിരഞ്ഞെടുക്കണമെന്നുമുള്ള നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്.
നിയമനങ്ങൾ സംബന്ധിച്ച് ഒരുവർഷം മുമ്പാണ് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിരുന്നത് എന്ന് സൂചിപ്പിച്ച കോടതി, നിലവിലെ ഒഴിവുകൾ സംബന്ധിച്ചും മറ്റു നിർദേശങ്ങൾ പാലിക്കുന്നത് സംബന്ധിച്ചുമുള്ള പുതിയ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സോളിസിറ്റർ ജനറൽ മാധ്വി ദിവാനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഹരജിക്കാരിക്കും സത്യവാങ്മൂലം സമർപ്പിക്കാം.
പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഒപ്പം നിയമനസമിതി അംഗമായിരുന്ന പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷണും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി അനുമതി നൽകി. സി.ഐ.സി, എസ്.ഐ.സി നിയമനങ്ങളിൽ മാർഗനിർദേശം പാലിക്കപ്പെട്ടില്ല എന്ന് അധിർ രഞ്ജൻ ചൗധരി നിയമനസമിതി യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവിലെ ഒഴിവുകളിൽ നിയമിക്കപ്പെടാനുള്ളവരുടെ ചുരുക്കപ്പട്ടിക തയാറാക്കുന്നതിെൻറ മാനദണ്ഡം രേഖപ്പെടുത്തണമെന്ന് കേന്ദ്രത്തിന് നിർദേശം നൽകണമെന്നും പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. നാലാഴ്ചക്ക് ശേഷം വീണ്ടും കേസ് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.