മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ നാടക അഭ്യൂഹം

മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയ ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ വാർത്തസമ്മേളനം വിളിച്ചത് രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിതുറന്നു. വെള്ളിയാഴ്ച വൈകിട്ട് 6.30നാണ് വാർത്തസമ്മേളനം. അജിത്തിനൊപ്പം പാർട്ടിയിലെ മുതിർന്ന നേതാക്കളായ മന്ത്രി ചഗൻ ഭുജ്ബൽ, പ്രഫുൽ പട്ടേൽ, സുനിൽ തട്ക്കരെ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുക്കും.

വെള്ളിയാഴ്ച രാവിലെ മന്ത്രിസഭായോഗത്തിന് എത്തിയ അജിത് പവർ 10 മിനിറ്റിനകം ഇറങ്ങിപ്പോയി. വീരാർ- അലിബാഗ് ഇടനാഴി പദ്ധതിക്ക് അനുമതി നൽകാത്തതിനെ തുടർന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും അജിത്ത് പവാറും കൊമ്പ്കോർത്തെന്നാണ് വിവരം. ധനകാര്യം അജിത്തിന്റെ വകുപ്പാണ്. മുഖ്യമന്ത്രി കൊണ്ടുവരുന്ന പദ്ധതികൾക്ക് ധനകാര്യവകുപ്പ് അനുമതി നൽകാത്തത് മഹായുതി സർക്കാരിനെ അലട്ടുന്നുണ്ട്.

മഹായുതി സഖ്യത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് അജിത് പവാറിന്റെ എൻ.സി.പി. അജിത് പവാറുമായി സഖ്യം തുടരുന്നതിൽ ബി.ജെ.പിയിലെ ഒരു വിഭാഗത്തിനും ആർ.എസ്.എസിനും താല്പര്യമില്ല.

മഹായുതി സഖ്യംവിട്ട് ഒറ്റക്ക് മത്സരിക്കാൻ അജിത് പക്ഷം ആലോചിക്കുന്നതായി പറയപ്പെടുന്നു. ശരദ് പവാറിനെ ദുർബലമാക്കാൻ ലക്ഷ്യമിട്ടാണ് എൻ.സി.പിയെ പിളർത്തി അജിത് പക്ഷത്തെ ബി.ജെ.പി ഭരണപക്ഷത്ത് കൊണ്ടുവന്നത്. എന്നാൽ പുണെ, ബരാമതി അടക്കം ഉത്തര മഹാരാഷ്ട്രയിൽ ബി.ജെ.പി നേതാക്കളെ തന്നെ അടർത്തിയെടുത്ത് ശരദ് പവാർ പക്ഷം കൂടുതൽ ശക്തിയാർജിക്കുകയാണ്.

ഈ നീക്കത്തിൽ അജിത് പവാറിന്റെ നിലനിൽപ്പും അപകടത്തിലാണ്. ഇത്തരം രാഷ്ട്രീയ സാഹചര്യത്തിലാണ് അജിത് പവാർ അടിയന്തരമായി വാർത്തസമ്മേളനം വിളിച്ചത് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്.

Tags:    
News Summary - Rumors of political drama again in Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.