ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിലെ സൈനിക സാഹചര്യം അത്യധികം ദുർബലവും അപകടകരവുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. പലയിടങ്ങളിലും പിന്മാറ്റം നടന്നിട്ടുണ്ടെങ്കിലും യഥാർഥ നിയന്ത്രണ രേഖയിലെ ചില മേഖലകളിൽ സൈനികവിന്യാസം ഏറെ മുഖാമുഖമാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇന്ത്യാടുഡെ’ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.
ഇരു രാജ്യങ്ങളും തമ്മിലെ അതിർത്തിപ്രശ്നം എങ്ങനെ പരിഹരിക്കുമെന്നതു സംബന്ധിച്ച് താനും ചൈനീസ് മുൻ വിദേശമന്ത്രിയും തമ്മിൽ തത്ത്വത്തിൽ കരാറിലെത്തിയെന്നും ഇതിൽ എന്തൊക്കെയാണ് അംഗീകരിച്ചതെന്ന് ചൈനയാണ് പറയേണ്ടതെന്നും ജയശങ്കർ പറഞ്ഞു. ഈ പ്രശ്നങ്ങൾ പരിഹരിക്കുംവരെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ കഴിയില്ല. ചൈന ബന്ധത്തിൽ ഇത് വളരെ വെല്ലുവിളി നിറഞ്ഞതും അസാധാരണവുമാണ്. അതിർത്തിയിൽ വൻ വിന്യാസം പാടില്ലെന്ന് ഇരുപക്ഷവും തമ്മിൽ കരാറുണ്ട്. 2020ൽ ചൈന അത് ലംഘിച്ചു. അതിന്റെ അനന്തരഫലമാണ് ഗാൽവാൻ താഴ്വരയിലും മറ്റു പ്രദേശങ്ങളിലും കാണുന്നത് -ജയശങ്കർ പറഞ്ഞു.
അതിർത്തിയിലെ സ്ഥിതി സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ടെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ കഴിഞ്ഞ ദിവസം പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ പരാമർശം.
2020 ജൂൺ 15നു ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ, ചൈനയുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. വടികളും മറ്റു മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ചൈനയുടെ ആക്രമണം. ഒരു ബറ്റാലിയൻ കമാൻഡിങ് ഓഫിസറെയും മറ്റു മൂന്നു-നാലുപേരുടെയും ജീവൻ നഷ്ടപ്പെട്ടതായി പിന്നീട് സമ്മതിച്ചെങ്കിലും ചൈന ഇതുവരെ യഥാർഥ മരണസംഖ്യ വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.