ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാമെന്ന ചീഫ് ജസ്റ്റിസ് അടക്കം നാല് ജഡ്ജിമാരുടെ നിലപാടിനോ ട് അഞ്ചംഗ ബെഞ്ചിലെ ഏക വനിതാംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രക്ക് വിയോജിപ്പ്. സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്ന വിധി രാജ്യത്തെ മറ്റ് മതങ്ങളിലും നടപ്പാക്കണമെന്നുള്ള ആവശ്യം ഉയരാൻ ഇടയാക്കുമെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര തന്‍റെ വിധി പ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. ഇത് രാജ്യത്ത് മതേതര സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് തടസം നേരിടും. ആയതിനാൽ ശബരിമല ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന ഹരജി തള്ളണമെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആവശ്യപ്പെട്ടു.
രാജ്യത്ത് വിവിധ മതാചാരങ്ങൾ പുലർത്തുന്ന വിഭാഗങ്ങളുണ്ട്. ആർക്കും അവർ വിശ്വസിക്കുന്ന മതങ്ങളിൽ ഉറച്ചുനിൽക്കാനും ആചാരങ്ങൾ പിന്തുടരാനും ഭരണഘടന അനുവാദം നൽകുന്നുണ്ട്. മതാചാരങ്ങളിൽ കോടതി ഇടപെടാൻ പാടില്ല. പക്ഷപാതപരമായ കാര്യങ്ങളാണെങ്കിലും കോടതി ഇടപെടരുത്. യുക്തി മാനദണ്ഡമാക്കി മതകാര്യങ്ങൾ പരിശോധനക്ക് വിധേയമാക്കരുത്. മൗലികാവകാശത്തിൽ സമത്വാവകാശവും മതാചാരങ്ങൾ അനുഷ്ഠിക്കാനുള്ള അവകാശവും തമ്മിൽ പൊരുത്തകേടുണ്ടെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വ്യക്തമാക്കി.
800 വർഷം പഴക്കമുള്ള ശബരിമല ശ്രീധർമ്മശാസ്ത്രാ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാമെന്നാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചത്. ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം ആകാമെന്ന് വിധിച്ച സുപ്രീംകോടതി, 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമല സന്ദർശനം വിലക്കിയുള്ള 1965ലെ കേരള ഹിന്ദു പൊതു ആരാധനാ സ്ഥല (പ്രവേശനാനുമതി) ചട്ടം റദ്ദാക്കുകയും ചെയ്തു. അയ്യപ്പ ഭക്തരെ പ്രത്യേക മതവിഭാഗമായി കാണാൻ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കം നാലു പേർ ഒരേ അഭിപ്രായവും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിപ്പും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.