ന്യൂഡൽഹി: താൻ ദേശഭക്തനാണെന്നും ഉപദ്രവിക്കരുതെന്നും ലോക്സഭയിൽ എം.പിമാർക്കിടയിലേക്ക് ചാടിക്കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഉത്തർപ്രദേശ് സ്വദേശി സാഗർ ശർമ. അടിച്ചും തൊഴിച്ചും എം.പിമാർ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുമ്പോഴാണ് സാഗർ ഇങ്ങനെ വിളിച്ചുപറഞ്ഞത്. ഇതെന്ത് ദേശഭക്തിയാണെന്ന് ചോദിച്ച് ചുറ്റുമുള്ള എം.പിമാർ വീണ്ടുമിടിച്ചു.
തുടർന്ന് സാഗറിനെ രണ്ടാമത് പിറകിൽനിന്ന് പിടിച്ച മനോരഞ്ജന് അടുത്തേക്ക് കൊണ്ടുപോയി ഇരുവരെയും ഒരുമിച്ച് കൈകാര്യം ചെയ്താണ് എം.പിമാർ സുരക്ഷാ സൈനികർക്ക് കൈമാറിയത്. പ്രതിഷേധിക്കാനുള്ള അവകാശം വകവെച്ചുതരണമെന്ന് മനോരഞ്ജൻ പറയുന്നുണ്ടായിരുന്നു.
സാഗർ ശർമ ഈ സർക്കാർ നടപ്പാക്കുന്ന നല്ല പ്രവർത്തനങ്ങളിൽ ഏറെ സന്തുഷ്ടനായിരുന്നെന്നും ഈ സർക്കാരിന് വോട്ട് ചെയ്യുമെന്നും പറയാറുണ്ടായിരുന്നുവെന്ന് അമ്മാവൻ പ്രദീപ് ശർമ്മ ‘ദി പ്രിന്റി’നോട് പറഞ്ഞു. എന്തുകൊണ്ടാണ് അവൻ ഇത് ചെയ്തതെന്ന് എനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ അനന്തരവനെ ആരോ സ്വാധീനിച്ചതായി സംശയിക്കുന്നതായി പ്രദീപ് പറയുന്നു.
“അവന് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നെങ്കിൽ, ലോക്കൽ പോലീസ് സ്റ്റേഷനിൽ എന്തെങ്കിലും ക്രിമിനൽ റെക്കോർഡ് ഉണ്ടാകണമായിരുന്നു. ആരോ അവനെ സ്വാധീനിച്ചതാവാനാണ് സാധ്യത. വർഷങ്ങളായി ഇവിടെയാണ് (ലഖ്നൗവിൽ) താമസിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ അവനെതിരെ ഒരു കേസും ഇതുവരെ ഇല്ല’ -അദ്ദേഹം പറഞ്ഞു.
സാധാരണ ഉച്ചഭക്ഷണത്തിന് പിരിയാറുള്ള ഒരുമണി കഴിഞ്ഞും നടപടികൾ തുടരുകയാണെന്ന് കണ്ടതോടെ പല അംഗങ്ങളും പരസ്പരം കുശലാന്വേഷണങ്ങളിലും സൗഹൃദസംഭാഷണങ്ങളിലുമേർപ്പെട്ടിരിക്കുകയാണ്. കോൺഗ്രസ് സഭാ നേതാവ് അധിർരഞ്ജൻ ചൗധരിക്ക് പിന്നിൽ പ്രതിപക്ഷ ബെഞ്ചിലെ രണ്ടാം നിരയിൽ രാഹുൽ ഗാന്ധിയും ഡി.എം.കെ നേതാവ് കനിമൊഴിയും സംസാരിച്ചുകൊണ്ടിരിക്കുന്നു. ഭരണപക്ഷ ബെഞ്ചിന്റെ രണ്ടാം നിരയിൽ നിരവധി കേന്ദ്രമന്ത്രിമാർ ഇരിപ്പുണ്ട്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുൻനിരയിലേക്ക് വന്നിരുന്നതേയുള്ളൂ. ഇക്കഴിഞ്ഞ രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച് എം.എൽ.എയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി നേതാവ് ഹനുമാൻ ബെനിവാൾ എം.പി സ്ഥാനം രാജിവെക്കുന്നതിന് മുമ്പായി ഓരോരുത്തരെയും കണ്ട് യാത്ര പറയുന്നു. ഈ സമയത്താണ് സന്ദർശകർക്കുള്ള നാലാം നമ്പർ ഗാലറിയിൽനിന്ന് ആദ്യത്തെ അക്രമിയായ സാഗർ ശർമ എം.പിമാരുടെ ബെഞ്ചിലേക്ക് ചാടിവീഴുന്നത്.
ഹർഡിൽസ് താണ്ടിക്കടക്കുന്ന കായികതാരത്തെപോലെ അസാമാന്യ മെയ്വഴക്കത്തോടെ എം.പിമാരുടെ ബെഞ്ചുകളോരോന്നായി ചാടിക്കടക്കുകയാണ്. ഉച്ചഭക്ഷണ സമയമായതിനാൽ പല അംഗങ്ങളും സഭയിലില്ലാതിരുന്നതിനാൽ ഇരിപ്പിടങ്ങൾ അനായാസം ചാടിക്കടന്ന് ലോക്സഭയുടെ മുൻഭാഗത്തേക്ക് കുതിച്ചു. അമ്പരന്ന എം.പിമാർ ഭരണ പ്രതിപക്ഷ ഭേദമന്യേ ‘പിടിയവനെ’ എന്ന് പറഞ്ഞ് പിടിക്കാനായി ആ നിരയിലെ ബെഞ്ച് വളയുമ്പോഴും സഭാതളം ലക്ഷ്യമാക്കി സാഗർ ശർമ മുന്നോട്ട് നീങ്ങി.
ദാദ്ര നഗർ ഹവേലി എം.പി കലാബെൻ ദെൽകറിന്റെ ബെഞ്ചിൽ ചാടിയെത്തിയ സാഗർ ശർമയെ തൊട്ടുമുന്നിലുണ്ടായിരുന്ന നല്ല പൊക്കമുള്ള ഹനിമാൻ ബെനിവാൾ കടന്നുപിടിച്ചെങ്കിലും അക്രമി കുതറി. അതോടെ ബെനിവാളും കോൺഗ്രസ് എം.പി ഗുർജിത് സിങ്ങും സാഗറിനെ അടിച്ച് ബെഞ്ചിലേക്ക് വീഴ്ത്തി. അപ്പോഴേക്കും കോൺഗ്രസിലെ ഗുർജിത് സിങ്, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് അരവിന്ദ് സാവന്ത്, ബി.ജെ.പിക്കാരായ എസ്.എസ്. അഹ്ലുവാലിയ, ആർ.കെ. സിങ് പട്ടേൽ തുടങ്ങി ഒരു ഡസനിലേറെ എം.പിമാർ സാഗറിനെ വളഞ്ഞിരുന്നു. ‘താനാ ശാഹി നഹി ചലേഗി’ (ഏകാധിപത്യം നടപ്പില്ല) എന്ന് അയാൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
‘താനാ ശാഹി നഹി ചലേഗി’
ഇതേനേരത്ത് പിറകിൽ രണ്ടാമൻ കർണാടകയിലെ മനോരഞ്ജൻ വളരെ സാവകാശം സന്ദർശക ഗാലറിയുടെ സ്വർണനിറത്തിലുള്ള കൈവരിയിൽ പിടിച്ച് തൂങ്ങി സഭയിലേക്ക് ഊർന്നിറങ്ങുന്നുണ്ടായിരുന്നു. 12 അടിയോളം താഴ്ചയിലേക്ക് ആദ്യം ചാടാൻ മടിച്ച് തൂങ്ങിനിന്ന മനോരഞ്ജനെ മൂന്നാമതൊരാൾ ഗാലറിയിയിൽനിന്ന് കൈകൊടുത്തിറക്കുകയാണ് ചെയ്തത്.
‘താനാ ശാഹി നഹി ചലേഗി’(ഏകാധിപത്യം നടപ്പില്ല) എന്ന് ഉച്ചത്തിൽ വിളിച്ച് രണ്ടാമതിറങ്ങിയ മനോരഞ്ജനാണ് ഷൂസിനുള്ളിൽ ഒളിപ്പിച്ച ‘വർണപ്പുകത്തോക്ക്’ പുറത്തെടുത്ത് ആദ്യം പൊട്ടിച്ചത്. ആദ്യത്തെ അക്രമിയെ പിടികൂടാനുള്ള ശ്രദ്ധയിലായിരുന്ന എം.പിമാർ സഭയാകെ പുക നിറയുന്നത് കണ്ടാണ് പിറകിലുമൊരാൾ അതിക്രമിച്ചു കയറിയത് കണ്ടത്. അതോടെ ചില എം.പിമാർ രണ്ടാമനെ പിടിക്കാൻ പിറകിലേക്കോടി. അപ്പോഴും ആദ്യം ചാടി വീണ സാഗർ കീഴടങ്ങാൻ കൂട്ടാക്കിയിരുന്നില്ല. രാഹുൽ ഗാന്ധിയുടെയും രാജ്നാഥ് സിങ്ങിന്റെയും ഇരിപ്പിടങ്ങളിലേക്കും സ്പീക്കറുടെ ചേംബറിലേക്കുമെത്താൻ അൽപം ദൂരം കൂടി മാത്രം ബാക്കിയിരിക്കെയായിരുന്നു ആദ്യം ചാടിയ സാഗറിനെ പിടികൂടിയത്.
വീണിടത്തുനിന്ന് വീണ്ടും എഴുന്നേറ്റ് അടുത്ത ബെഞ്ചിലേക്ക് ചാടിക്കയറിയ സാഗർ ശർമ തന്റെ ഷൂവിനുള്ളിൽ ഒളിപ്പിച്ച ‘പുകത്തോക്ക്’ പുറത്തെടുത്ത് അതിന്റെയും അടപ്പൂരി. അതോടെ സഭയാകെ ഒരുതരം മണമുള്ള വർണപ്പുക മൂടി. മഞ്ഞയും പച്ചയും നീലയും ചുവപ്പും കലർന്ന പുകയിൽ പല എം.പിമാർക്കും ശ്വാസംമുട്ടുകയും പല എം.പിമാർക്കും ഒന്നും കാണാനാകാതെ വരികയും ചെയ്തു. അതോടെ തുറന്നുവിട്ടത് എന്തോ അപകടകരമായ രാസവസ്തുവാണെന്ന് കരുതി എം.പിമാർ പലരും ഭയന്ന് പുറത്തേക്കോടി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ വനിതകളും മുതിർന്നവരും സഭക്കുള്ളിൽനിന്ന് പുറത്തേക്ക് നീങ്ങി.
പാർലമെന്റിനുള്ളിൽ ഇത്രയും നടക്കുന്നതിന് അരമണിക്കൂർ മുമ്പാണ് ഇതേ സംഘത്തിൽപെട്ട രണ്ടുപേർ പാർലമെന്റ് കവാടത്തിന് മുമ്പിൽ ഇതേ പ്രതിഷേധം പുകത്തോക്ക് പൊട്ടിച്ച് നടത്തിയത്. അരമണിക്കൂർ കഴിഞ്ഞ് അകത്ത് സമാന സംഭവം ആവർത്തിച്ചത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയായി. ഭാരത് മാതാ കീ ജയ്, ജയ് ഭീം, ജയ് ഭാരത്, ഏകാധിപത്യം നടപ്പില്ല എന്നീ മുദ്രവാക്യങ്ങളുമായി ഉച്ചക്ക് 12.33ന് ട്രാൻസ്പോർട്ട് ഭവന് മുന്നിൽനിന്ന് പാർലമെന്റ് കവാടത്തിലേക്ക് നീങ്ങുന്നതിനിടയിൽ ഹിസാറിൽനിന്നുള്ള നീലവും മഹാരാഷ്ട്രയിൽനിന്നുള്ള അമോൾ ഷിൻഡെയും പിടിയിലായി അരമണിക്കൂർ കഴിഞ്ഞാണ് സാഗർ ശർമയും മനോരഞ്ജനും ലോക്സഭയിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
പാസ് കാമറയിൽ പകർത്തിയത് ഡാനിഷ് അലി എം.പി
ഭരണ, പ്രതിപക്ഷ എം.പിമാർ ഇരുവരെയും അടിച്ചും തൊഴിച്ചും നേരിട്ടിട്ടും ഒരു കൂസലുമില്ലാതെ ഇരുവരും എല്ലാം നിശ്ചയിച്ചുറപ്പിച്ച ഭാവത്തിലായിരുന്നു. എം.പിമാർ സന്ദർശക പാസ് പിടിച്ചെടുത്തപ്പോൾ ബി.എസ്.പി ഈയിടെ പുറത്താക്കിയ എം.പി ഡാനിഷ് അലി അത് കാമറയിൽ പകർത്തി. പാസിന്റെ ചിത്രം ഉടൻ മാധ്യമങ്ങളെ കാണിച്ച ഡാനിഷ് അലിയാണ് അക്രമികൾക്ക് പ്രവേശന പാസ് നൽകിയത് ബി.ജെ.പിയുടെ മൈസൂർ എം.പി പ്രതാപ് സിംഹയാണെന്നും അവരിലൊരാളുടെ പേര് സാഗർ ശർമയാണെന്നുമുള്ള വിവരം വെളിപ്പെടുത്തിയത്.
അക്രമികൾക്ക് പാസ് നൽകിയത് ഒരു പ്രതിപക്ഷ എം.പിയാകുകയും അതൊരു മുസ്ലിമാകുകയും ചെയ്തിരുന്നെങ്കിൽ രാജ്യം കത്തുമായിരുന്നെന്നും ബി.ജെ.പി എം.പി ആയതിനാൽ ആർക്കുമൊരു കുഴപ്പവുമുണ്ടായില്ലെന്നും പാർലമെന്റിന് പുറത്ത് സി.പി.ഐയിലെ ബിനോയ് വിശ്വം പറയുകയും ചെയ്തു.
ഇതെല്ലാം നടക്കുമ്പോൾ സഭ നിയന്ത്രിച്ചുകൊണ്ടിരുന്ന ബി.ജെ.പി എം.പി രാജേന്ദ്ര അഗർവാൾ എന്തു ചെയ്യണമറിയാതെ സ്തബ്ധനായി നിൽക്കുകയായിരുന്നു. ശൂന്യവേളയിൽ സംസാരിച്ചുകൊണ്ടിരുന്ന ഖഗൻ മുർമുവിന്റെ സംസാരം തടസ്സപ്പെട്ടിട്ടും സഭാ നടപടികൾ നിർത്തിവെക്കാൻപോലും മറന്ന് അദ്ദേഹം ഇരിപ്പിടത്തിൽ തുടർന്നു.
എല്ലാമൊടുങ്ങി അക്രമികളെ ലോക്സഭയുടെ വാതിലിനപ്പുറം കടത്തിയ ശേഷമെത്തിയ സ്പീക്കർ ഓം ബിർള വന്ന് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് സഭ പിരിയുകയാണെന്ന് അറിയിച്ചു. വലിയ സുരക്ഷാ വീഴ്ചക്ക് ശേഷവും സഭാ നടപടിയുമായി ഉച്ചക്കുശേഷവും സ്പീക്കർ ഓം ബിർള മുന്നോട്ട് പോയത് പ്രതിപക്ഷത്തെ അമ്പരപ്പിച്ചു. പ്രതിപക്ഷം പ്രതിഷേധിച്ച് സഭ സ്തംഭിപ്പിച്ചശേഷം സ്പീക്കർ സർവകക്ഷി യോഗവും സുരക്ഷാ അവലോകന യോഗവും വിളിച്ചുചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.