റായ്പൂർ: ഹരിദ്വാറിലെ സന്യാസി സമ്മേളനത്തിന് പിന്നാലെ ഛത്തീസ്ഗഡിലെ റായ്പൂരിൽ സംഘടിപ്പിച്ച സന്യാസി സമ്മേളന(ധർമ സൻസദ്)ത്തിലും വിദ്വേഷ പ്രസംഗം. കാളിചരൺ മഹാരാജിന്റേതായിരുന്നു വിദ്വേഷ പ്രസംഗം.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ പുകഴ്ത്തിക്കൊണ്ടായിരുന്നു പ്രസംഗം. മഹാത്മാഗാന്ധിയെ അവഹേളിച്ചതിനെതിരെ പരിപാടിയുടെ മുഖ്യനടത്തിപ്പുകാരിലൊരാളായ രാം സുന്ദർ മഹാരാജ് രംഗത്തെത്തി. പരാമർശത്തിൽ പ്രതിഷേധിച്ച് രാം സുന്ദർ മഹാരാജ് വേദിവിട്ടിറങ്ങുകയും ചെയ്തു. രണ്ടുദിവസമായി നടന്ന സമ്മേളനം ഞായറാഴ്ചയാണ് അവസാനിച്ചത്.
ഹരിദ്വാറിൽ നടന്ന മതസമ്മേളനം ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ വർഗീയവും പ്രകോപനപരവുമായ പ്രസംഗങ്ങളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.
'രാഷ്ട്രീയത്തിലൂടെ രാജ്യം പിടിച്ചെടുക്കുകയാണ് മുസ്ലിംകളുടെ ലക്ഷ്യം' -റായ്പൂർ സമ്മേളനത്തിൽ കാളിചരൻ മഹാരാജ് പറഞ്ഞു. ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്സെയെ ഞാൻ സല്യൂട്ട് ചെയ്യുന്നുവെന്നും കാളിചരൻ സമ്മേളനത്തിൽ പറഞ്ഞു. പ്രസ്താവനക്കെതിരെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധിപേർ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.