ന്യൂഡൽഹി: 1984ലെ സിഖ് വംശഹത്യക്ക് ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് സജ്ജൻകുമാർ കീഴടങ്ങാൻ 30 ദിവസത്തെ കൂടി സാവകാശം കിട്ടാൻ ഡൽഹി ഹൈകോടതിയെ സമീപിച്ചു. തനിക്ക് മൂന്നു മക്കളും എട്ട് പേരമക്കളും ഉണ്ടെന്നും സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ തീർക്കാനുണ്ടെന്നുമാണ് സജ്ജൻ കുമാർ കാരണമായി അപേക്ഷയിൽ ബോധിപ്പിച്ചത്. സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള സാവകാശവും ചോദിച്ചിട്ടുണ്ടെന്ന് 73കാരനായ സജ്ജൻ കുമാറിനുവേണ്ടി ഹാജരാകുന്ന അഡ്വ. അനിൽ ശർമ പറഞ്ഞു.
ജീവപര്യന്തം തടവുശിക്ഷ വിധിച്ച ഡൽഹി ഹൈകോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നത്. എന്നാൽ, അപേക്ഷയെ എതിർക്കുമെന്ന് സിഖ് വംശഹത്യയുടെ ഇരകൾക്കുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ അഡ്വ. ഫൂൽക്ക വ്യക്തമാക്കി.
34 വർഷത്തിനുശേഷം കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചതോടെ അവശേഷിക്കുന്ന സജ്ജൻ കുമാറിെൻറ ജീവിതം ജയിലിലായിരിക്കും. 1984ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സിഖ് അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് സിഖ് സമൂഹത്തിനെതിരെ നടന്ന വംശഹത്യയിൽ ഡൽഹി കേൻറാൺമെൻറിനടുത്ത് രാജ്നഗറിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൂട്ടക്കൊല നടത്തിയ കേസിലാണ് സജ്ജൻ കുമാർ ശിക്ഷിക്കപ്പെട്ടത്.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.