ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസ് പാർട്ടിയിൽ ചേർന്നതിൽ പ്രതികരിച്ച് സാക്ഷി മാലിക്. കോൺഗ്രസിൽ ചേരുന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു സാക്ഷിയുടെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാർട്ടികളിൽ നിന്നു ലഭിക്കും. തനിക്കും ഇത്തരത്തിൽ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാൻ ആഗ്രഹിക്കുന്നില്ല. തുടങ്ങിവച്ച ദൗത്യം തുടരുമെന്നും സാക്ഷി പറഞ്ഞു.
''രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് വ്യക്തിപരമായ തീരുമാനമാണ്. ഞങ്ങൾ ഒരുപാട് ത്യാഗം സഹിക്കേണ്ടതുണ്ടെന്നാണ് വിശ്വസിക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടത്തിന് തെറ്റായ ഒരർഥവും നൽകേണ്ടതില്ല. എന്റെ മരണം വരെ പോരാട്ടം തുടരും. എനിക്കും രാഷ്ട്രീയ പാർട്ടികളിൽ ചേരാൻ നിരവധി ഓഫറുകൾ വന്നിരുന്നു. എന്നാൽ തുടങ്ങി വെച്ച പോരാട്ടം മുന്നോട്ടു കൊണ്ടുപോകാനായിരുന്നു എന്റെ തീരുമാനം. ഗുസ്തി ഫെഡറേഷനിലെ പുഴുക്കുത്തുകളും സ്ത്രീകൾക്കെതിരായ ചൂഷണവും ഇല്ലാതാകുന്നത് വരെ പോരാട്ടം തുടരം.''-സാക്ഷി പറഞ്ഞു.
ഇരുവരുമായുള്ള അടുപ്പം കണക്കിലെടുത്ത് വിനേഷിനും പുനിയക്കും വേണ്ടി പ്രചാരണം നടത്തുമോ എന്ന ചോദ്യത്തിന് താൻ ഒരു രാഷ്ട്രീയക്കാരിയല്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നുമായിരുന്നു സാക്ഷി മാലിക്കിന്റെ മറുപടി.
വെള്ളിയാഴ്ച വൈകീട്ടാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നത്. എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ഇരുവരും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്നും റിപ്പോർട്ടുണ്ട്. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയിൽവേയിലെ ജോലി രാജിവെച്ചിരുന്നു. സെപ്റ്റംബർ 4 ന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.