സമാജ് വാദി പാർട്ടിക്കും ക്രിമിനലുകൾക്കും ഒരു പഴയ ബന്ധമുണ്ട്: എസ്​.പിയെ പരിഹസിച്ച് കേശവ് പ്രസാദ് മൗര്യ

സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ പരിഹാസവുമായി മുതിർന്ന ബി.ജെ.പി നേതാവും ഉത്തർപ്രദേശ് ഉപ മുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ. സമാജ് വാദി പാർട്ടിക്കും ക്രിമിനലുകൾക്കും ഒരു പഴയ ബന്ധമുണ്ട്.

അതുകൊണ്ടാണ് 2014ൽ യു.പിയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ജനം അഖിലേഷിനെതിരെ വോട്ട് ചെയ്തതെന്നും മൗര്യ പറഞ്ഞു. താൻ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ നിലവിലെ ബി.ജെ.പി എം.എൽ.എയുടെ വീട് കൊള്ളയടിക്കുമെന്നും, പണം പ്രവർത്തകർക്ക് വിതരണം ചെയ്യുമെന്നുമുള്ള അംറോഹയിലെ ഹസൻപൂരിലെ എസ്.പി സ്ഥാനാർത്ഥി മുഖിയ ​ഗുർജറി​ന്‍റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഖിലേഷ് യാദവ് 400 സീറ്റുകളിൽ വിജയിക്കുന്ന കാര്യമാണ് സംസാരിക്കുന്നതെന്നും 40 സീറ്റ് കിട്ടുമോ എന്നത് പോലും സംശയമാണെന്നും മൗര്യ പരിഹസിച്ചു.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.പി സർക്കാരിനെ ജനങ്ങൾ പിഴുതെറിഞ്ഞു. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ എസ്.പി, ബി.എസ്.പി, കോൺ​ഗ്രസ്, ലോക് ദൾ എന്നിവർ സഖ്യം ചേർന്ന് പ്രവർത്തിച്ചിട്ടും ബി.ജെ.പി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.പിയിലെ ജനങ്ങൾക്കിടയിൽ ബി.ജെ.പിയെ പിന്തുണക്കണമെന്ന ആ​ഗ്രഹം പ്രകടമാണെന്നും മൗര്യ പറഞ്ഞു.

മുഖിയ ​ഗുർജയുടെ പ്രസ്താവനകളും, പൊലീസിനെതിരെ ​നടത്തിയ വെല്ലുവിളികളും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഭരണകാലത്ത് വൈദ്യുതി നൽകാൻ സാധിക്കാതിരുന്ന അഖിലേഷ് ഇപ്പോൾ സൗജന്യമായി നൽകാമെന്നാണ് വാ​ഗ്ദാനം ചെയ്യുന്നത്. യാദവിനെ നോക്കി ഇപ്പോൾ യു.പിയിലെ ജനങ്ങൾ പരിഹസിച്ച് ചിരിക്കുന്നുണ്ടാകും. യാദവിന്റെ ഭരണകാലത്ത് ജനങ്ങൾക്ക് വൈദ്യുതി കിട്ടില്ലെന്നുറപ്പുള്ളതിനാൽ വൈദ്യുത കമ്പികൾ വസ്ത്രമുണക്കാനിടാനാണ് ഉപയോ​ഗിച്ചിരുന്നത്. ഇപ്പോൾ സൗജന്യമായി വൈദ്യുതി നൽകുമെന്ന് പറഞ്ഞാൽ ജനങ്ങൾ യാദവിനെ നോക്കി ചിരിക്കുന്നുണ്ടാകുമെന്നും മൗര്യ പറഞ്ഞു.

​വരാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ വീടുകൾക്ക് 300 യൂനിറ്റ് സൗജന്യ വൈദ്യുതിയും കർഷകർക്ക് ജലസേചനത്തിന് സൗജന്യ വൈദ്യുതിയും നൽകുമെന്ന് യാദവ് വാഗ്ദാനം ചെയ്തിരുന്നു.

പ്രയാഗ്‌രാജിൽ പൊലീസ് മർദിച്ചെന്ന് ആരോപിച്ച വിദ്യാർത്ഥികളുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നടത്തിയ സംവാദത്തിൽ വിദ്യാർത്ഥികളുടെ വിഷയങ്ങളിൽ പ്രതിപക്ഷം ഇടപെടരുതെന്നും അന്വേഷണം നടത്തിയിട്ടുണ്ടെന്നും മൗര്യ പ്രതികരിച്ചു.

റെയിൽവേ എൻ.ടി.പി.സി പരീക്ഷാ ഫലത്തിലെ അപാകതകൾക്കെതിരെ ചൊവ്വാഴ്ച പ്രയാഗ്‌രാജിൽ വിദ്യാർഥികൾ പ്രകടനം നടത്തുകയും റെയിൽവേ ട്രാക്ക്​ ഉപരോധിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനെത്തിയ വിദ്യാർത്ഥികളോട് പൊലീസ് മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം.

403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് യു.പിയിൽ നടക്കുന്നത്. ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.

Tags:    
News Summary - Samajwadi Party And Criminals Have An Old Relationship": UP Deputy Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.