യു.പി മഹാസഖ്യമില്ല: സഖ്യം കോൺഗ്രസുമായി മാത്രം ലഖ്നോ: ഉത്തർപ്രദേശിൽ അജിത് സിങ്ങിെൻറ രാഷ്ട്രീയ ലോക് ദളുമായി സഖ്യമില്ലെന്ന് സമാജ്വാദി പാർട്ടി. കോൺഗ്രസും രാഷ്ട്രീയ ലോക് ദളുമായി ചേർന്ന് വിശാലസഖ്യം രൂപീകരിക്കുമെന്നാണ് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നത്. എന്നാൽ കോൺഗ്രസുമായി മാത്രമേ സഖ്യമുള്ളൂയെന്നും ആർ.എൽ.ഡിയുമായി ഇതുവരെ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും സമാജ്വാദി പാർട്ടി അഖിലേന്ത്യ വൈസ് പ്രസിഡൻറ് കിരൺമോയ് നന്ദ അറിയിച്ചു.
യു.പിയിൽ 403 സീറ്റിൽ 300 ലധികം സീറ്റുകളിൽ സമാജ്വാദി പാർട്ടി മത്സരിക്കുമെന്നും ബാക്കി സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളുണ്ടാകുമെന്നും നന്ദ വ്യക്തമാക്കി. സീറ്റ് വിഭജനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമാജ്വാദ് പാർട്ടി നേതാക്കൾ തങ്ങളുമായി നേരത്തെ ചർച്ച നടത്തിയിരുന്നുവെന്നും എന്നാൽ പിന്നീട് മഹാസഖ്യം സംബന്ധിച്ച ചർച്ചകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ആർ.എൽ.ഡി നേതാവ് ത്രിലോക് ത്യാഗി പറഞ്ഞു.
കോൺഗ്രസുമായി സഖ്യത്തിന് ധാരണയായെന്നും ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് അറിയിച്ചിരുന്നു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം അഖിലേഷ് യാദവും സഖ്യവാർത്ത സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.