സംഭൽ പ്രതിഷേധം: നഷ്ടപരിഹാരം ഈടാക്കും; കല്ലേറ് നടത്തിയവരുടെ ചിത്രങ്ങൾ പൊതുസ്ഥലങ്ങളിൽ പതിക്കും

ലഖ്നോ: സംഭൽ ശാഹി ജമാ മസ്ജിദിലെ സർവേക്കിടെയുണ്ടായ സംഘർഷത്തിനിടെ പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ. കല്ലേറ് നടത്തിയവരുടെ ചിത്രങ്ങൾ പൊതുസ്ഥലങ്ങളിൽ പതിക്കുമെന്നും പ്രതികളെ അറസ്റ്റ്ചെയ്യാനുള്ള വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും സർക്കാർ വക്താവ് പറഞ്ഞു. 2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് സംസ്ഥാന സർക്കാർ സമാന നടപടി സ്വീകരിച്ചിരുന്നു.

കോടതി ഉത്തരവിനെ തുടർന്ന് ഞായറാഴ്ച നടത്തിയ സർവേക്കിടെയുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ മരിച്ചിരുന്നു. അതേസമയം, സംഭലിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ യു.പി പൊലീസ് ഭീഷണിപ്പെടുത്തുന്നതായും വെള്ളക്കടലാസുകളിൽ അവരുടെ ഒപ്പ് പതിപ്പിക്കുന്നതായും സമാജ്‍വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് ആരോപിച്ചു. വിഷയത്തിൽ സുപ്രീംകോടതി സ്വമേധയ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട മാധ്യമവാർത്ത അഖിലേഷ് യാദവ് ‘എക്സി’ൽ പോസ്റ്റ്ചെയ്തു. പൊലീസ് നടപടി കുറ്റകൃത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ വീട്ടിലെത്തിയ 20ഓളം പൊലീസുകാർ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയെന്ന് കൊല്ലപ്പെട്ട നയീമിന്റെ സഹോദരൻ തസ്‍ലീം പറഞ്ഞു.

Tags:    
News Summary - Sambhal protest: Compensation will be charged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.