ന്യൂഡൽഹി: സ്വവർഗ പങ്കാളികൾക്ക് വിവാഹത്തിന് അവകാശമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചു. സ്വവർഗ പങ്കാളികൾക്ക് നൽകാവുന്ന വിവാഹേതര അവകാശങ്ങൾ നിർണയിക്കാൻ കേന്ദ്ര സർക്കാർ സമിതിയെ നിയോഗിക്കണമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ്. രവീന്ദ്ര ഭട്ട്, ഹിമ കൊഹ്ലി, പി.എസ്. നരസിംഹ എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് ഐകകണ്ഠ്യേന വിധിച്ചു. അതേസമയം, സ്വവർഗാനുരാഗികളുടെ പങ്കാളിത്ത ജീവിതത്തിന് ഭരണഘടനാ സാധുത ഉണ്ടെന്ന ചീഫ് ജസ്റ്റിസിന്റെ ന്യൂനപക്ഷ വിധി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അംഗീകരിച്ചെങ്കിലും അവശേഷിക്കുന്ന മൂന്ന് ജഡ്ജിമാരും തള്ളിയതോടെ അസാധുവായി. ഒരുമിച്ച് ജീവിക്കുന്ന സ്വവർഗ പങ്കാളികൾക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്ന മുതിർന്ന രണ്ട് ജഡ്ജിമാരുടെ വിധിയും തങ്ങളുടെ ഭൂരിപക്ഷ വിധിയിൽ മൂവരും തള്ളി.
സ്വവർഗ പങ്കാളികളുടെ വിവാഹം മൗലികാവകാശമല്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കാത്ത സ്പെഷൽ മാര്യേജ് ആക്ടിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹരജിക്കാരുടെ ആവശ്യം തളളി. നിയമത്തിൽ ആവശ്യമായ ഭേദഗതി കൊണ്ടുവരേണ്ടത് പാർലമെന്റ് ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വവർഗ പങ്കാളികളുടെ അവകാശനിർണയത്തിന് കേന്ദ്ര സർക്കാർ ഒരു സമിതിയെ നിയമിക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചത് സുപ്രീംകോടതി രേഖപ്പെടുത്തിയതാണെന്ന് ചീഫ് ജസ്റ്റിസിന്റെ ന്യൂനപക്ഷ വിധിയും ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടിന്റെ ഭൂരിപക്ഷ വിധിയും ഒരു പോലെ ചൂണ്ടിക്കാട്ടി.
നിലവിലുള്ള നിയമപ്രകാരം ട്രാൻസ് സ്ത്രീക്കും പുരുഷനും എതിർലിംഗക്കാരായ ട്രാൻസ് സ്ത്രീ പുരുഷന്മാരെയോ സാധാരണ സ്ത്രീ പുരുഷന്മാരെയോ വിവാഹം ചെയ്യാനും അവർക്ക് കുട്ടികളെ ദത്തെടുക്കാനും അവകാശമുണ്ടെന്നും അതിനാൽ സ്വവർഗ പങ്കാളികൾക്കും ദത്തെടുക്കാനുള്ള അവകാശം നൽകണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ന്യൂനപക്ഷ വിധിയിൽ പറഞ്ഞു. അവിവാഹിതരും സ്വവർഗ പങ്കാളികളും കുട്ടികളെ ദത്തെടുക്കുന്നത് തടയുന്ന ‘കാര’ ചട്ടത്തിലെ 5(3) വകുപ്പ് ഭരണഘടനയുടെ 15-ാം അനുഛേദത്തിന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ ഈ നിലപാടിനോട് തന്റെ വിധി പ്രസ്താവനയിൽ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും യോജിച്ചു. പങ്കാളിത്തവും സ്നേഹവും പങ്കിടുന്ന സ്വവർഗാനുരാഗികളുടെ ഒരുമിച്ചുള്ള ജീവിതത്തിന് നിയമപരമായ സാധുതയുണ്ടെന്ന ഭരണഘടനാ വ്യാഖ്യാനത്തിലും ഇരുവരും യോജിച്ചു.
എന്നാൽ, ചീഫ് ജസ്റ്റിസിന്റെ ഈ രണ്ടു നിലപാടും തള്ളി ബെഞ്ചിലെ മറ്റു മൂന്ന് ജഡ്ജിമാർ ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചു. പുതുതായി നിയമനിർമാണം നടത്താതെ സ്വവർഗ പങ്കാളിത്ത ജീവിതം നിയമപരമാകില്ലെന്ന് ഈ വിധിയിൽ ജസ്റ്റിസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. എല്ലാ സ്വവർഗാനുരാഗികൾക്കും അവരവരുടെ പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട് എന്ന സുപ്രീംകോടതിയുടെ നേരത്തെയുള്ള നിലപാട് ജസ്റ്റിസ് ഭട്ടും ആവർത്തിച്ചു. എന്നാൽ, ഒരുമിച്ചുള്ള അവരുടെ ജീവിതത്തിന് അവകാശങ്ങളുടെ പൂച്ചെണ്ടുമായി ഭരണകൂടം നിയമസാധുത നൽകണമെന്ന് കോടതിക്ക് ആജ്ഞാപിക്കാനാവില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. ഭിന്ന വിധിയൊന്നുമില്ലാതെ ജസ്റ്റിസ് ഭട്ടിനോട് പൂർണമായും യോജിച്ച് ജസ്റ്റിസ് ഹിമ കൊഹ്ലി അദ്ദേഹം എഴുതിയ വിധിപ്രസ്താവനയിൽ കൈയൊപ്പിട്ടു. ജസ്റ്റിസ് പി.എസ്. നരസിംഹയാകട്ടെ ഭട്ടിനോട് പൂർണമായും യോജിച്ചുകൊണ്ട് തന്നെ അനുബന്ധമെന്ന നിലയിൽ ചില കാര്യങ്ങൾ ചേർത്ത് പ്രത്യേക വിധിപ്രസ്താവമിറക്കുകയും ചെയ്തു.
മുകുൾ രോഹതഗി, അഭിഷേക് മനു സിങ്വി, രാജു രാമചന്ദ്രൻ, സൗരഭ് കൃപാൽ, ആനന്ദ് ഗ്രോവർ, വൃന്ദ ഗ്രോവർ തുടങ്ങിയവർ ഒരു കൂട്ടം ഹരജിക്കാരുടെ ഭാഗത്തുനിന്ന് വിവാഹം അനുവദിക്കണമെന്ന് വാദിച്ചപ്പോൾ കപിൽ സിബൽ, അരവിന്ദ് ദത്താർ എന്നീ അഭിഭാഷകരും കേന്ദ്ര സർക്കാറിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും മധ്യപ്രദേശ് സർക്കാറിനു വേണ്ടി രാകേഷ് ദ്വിവേദിയും ഹരജികളെ എതിർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.