കപ്പലിൽ ലഹരി പാർട്ടി സംഘടിപ്പിച്ചത് തന്‍റെ സുഹൃത്താണെന്ന ആരോപണം നിഷേധിച്ച് സമീർ വാങ്കഡെ

മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയാകാൻ ഇടയായ മയക്കുമരുന്ന് പാർട്ടി സംഘചടിപ്പിച്ചത് തന്‍റെ സുഹൃത്താണെന്ന ആരോപണം നിഷേധിച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ. ആരോപണം ഉന്നയിച്ച മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്കിനെതിരെ രംഗത്തുവന്നിരിക്കുകയാണ് സമീർ വാങ്കഡെ.

ആഡംബര കപ്പലില്‍ പാര്‍ട്ടി സംഘടിപ്പിച്ചവരില്‍ ഒരാളായ കാഷീഫ് ഖാനെ വാങ്കഡെ അറസ്റ്റ് ചെയ്തില്ലെന്നായിരുന്നു നവാബ് മാലിക്കിന്റെ ആരോപണം. വാങ്കഡെയുടെ സുഹൃത്താണ് കാഷീഫ് ഖാനെന്നും മന്ത്രി നവാബ് മാലിക്ക് ആരോപിച്ചിരുന്നു.

'നവാബ് മാലിക്ക് പറയുന്നത് മുഴുവൻ കള്ളമാണ്. പച്ചക്കള്ളങ്ങളെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ' എന്നും സമീര്‍ വാങ്കഡെ പ്രതികരിച്ചു.

മഹാരാഷ്ട്ര എൻ.സി.പി മന്ത്രിയായ നവാബ് മാലിക്കും സമീർ വാങ്കഡെയും തമ്മിൽ ദിവസങ്ങളായി വാക്പോര് തുടരുകയാണ്. സമീർ വാങ്കഡെ തെറ്റായ രേഖകൾ ഹാജരാക്കിയാണ് ജോലി കരസ്ഥമാക്കിയതെന്ന് നവാബ് മാലിക് ആരോപിച്ചിരുന്നു. വാാങ്കഡെയുടെ ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കററ് എന്നീ രേഖകളെക്കുറിച്ചാണ് നവാബ് ആരോപണം ഉന്നയിച്ചത്.

ലഹരിമരുന്ന് കേസില്‍ സമീർ വാങ്കഡെക്കെതിരെ കൈക്കൂലി ആരോപണവും ഉയർന്നിരുന്നു. ആര്യന്‍ ഖാനെ വിട്ടയക്കാനായി കേസിലെ സാക്ഷിയായ കെ.പി. ഗോസാവിയും സമീര്‍ വാങ്കഡെയും പണം കൈപ്പറ്റിയെന്നായിരുന്നു മറ്റൊരു സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ ആരോപണം. എട്ട് കോടി രൂപ സമീര്‍ വാങ്കഡെ കൈപ്പറ്റിയെന്നാണ് മൊഴി.

ഇക്കാര്യത്തിൽ സമീര്‍ വാങ്കഡെയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസംപണംതട്ടല്‍, അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുംബൈ പൊലീസ് നാലംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

അതേസമയം, ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് വ്യാഴാഴ്ച ഉപാധികളോടെ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആര്യൻ ഖാൻ ഇന്ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags:    
News Summary - Sameer Wankhede on Nawab Malik's allegation of inaction against cruise party organiser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.