മുംബൈ: നാർകോടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയരക്ടർ സമീർ വാങ്കഡെക്കെതിരെ ആക്രമണം കടുപ്പിച്ച് മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്. കോടികൾ തട്ടിയെടുക്കുന്ന സമീർ സത്യസന്ധനായ ഉദ്യോഗസ്ഥന് താങ്ങാനാകാത്ത വിധം വിലകൂടിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായാണ് നവാബ് മാലിക്ക് ആരോപിക്കുന്നത്.
70,000 രൂപ വിലവരുന്ന ഷർട്ടും ലക്ഷം രൂപയുടെ പാന്‍റും 25-30 ലക്ഷം രൂപ വിലവരുന്ന വാച്ചുകളുമാണ് സമീർ വാങ്കഡെ ഉപയോഗിക്കുന്നതെന്നാണ് നവാബ് മാലിക് പറയുന്നു. 'സത്യസന്ധനുമായ ഒരു ഉദ്യോഗസ്ഥന് ഇത്രയും വിലകൂടിയ വസ്ത്രങ്ങൾ വാങ്ങാൻ എങ്ങനെ കഴിയും' -മന്ത്രി ചോദിക്കുന്നു. ആളുകളെ തെറ്റായി ചിത്രീകരിക്കുകയും കേസിൽ കുടുക്കുകയും ചെയതാണ് അയാൾ കോടികൾ തട്ടിയെടുക്കുന്നതെന്നും ഇതിന് സഹായികളായിക്കൊണ്ട് ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും നവാബ് മാലിക് കൂട്ടിച്ചേർത്തു.
എൻ.സി.ബിക്കെതിരെ നിരന്തരം ആരോപണമുന്നയിക്കുന്ന നവാബ് മാലിക്കിന് മറുപടിയുമായി മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തിയതോടെ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ ആഡംബരക്കപ്പൽ ലഹരിക്കേസ് രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് വളർന്നിരുന്നു.
നവാബ് മാലിക്കിന് അധോലോക ബന്ധമുണ്ടെന്നും അത് താൻ തുറന്നുകാട്ടുമെന്നും കഴിഞ്ഞ ദിവസം ഫഡ്നാവിസ് പറഞ്ഞിരുന്നു. അധോലോക ബന്ധമുണ്ടെങ്കിൽ അത് തെളിയിക്കാൻ ഫഡ്നാവിസിനെ വെല്ലുവിളിച്ച് നവാബ് മാലിക്കും ചൊവ്വാഴ്ച രംഗത്തെത്തി.
ദേവേന്ദ്ര ഫഡ്നാവിസും മയക്കുമരുന്ന് കച്ചവടക്കാരനായ ജയദീപ് റാണ എന്നയാളും തമ്മിൽ ബന്ധമുണ്ടെന്ന് മാലിക് ആരോപിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ വാഗ്വാദം ആരംഭിച്ചത്. മയക്കുമരുന്ന് കേസിൽ ജയിലിലുള്ള ജയദീപ് റാണയും ഫഡ്നാവിസും ഒരുമിച്ചുള്ള ഫോട്ടോയായും പുറത്തുവിട്ടിരുന്നു.
സമീർ വാങ്കഡെയെ എൻ.സി.ബി തലപ്പത്ത് നിയോഗിച്ചത് ഫഡ്നാവിസിന്‍റെ ഇടപെടലിലൂടെയാണ്. ഇയാളാണ് റാക്കറ്റിന്‍റെ തലവൻ. ബോളിവുഡിനെ മഹാരാഷ്ട്രക്ക് പുറത്തേക്ക് കൊണ്ടുപോകാനുള്ള ബി.ജെ.പി നീക്കം മാത്രമാണ് ആഡംബരക്കപ്പൽ ലഹരിക്കേസ്. ബോളിവുഡിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കം മാത്രമാണിതെന്നും നവാബ് മാലിക് ആരോപിച്ചിരുന്നു.
ഇതിന് മറുപടിയുമായി ഫഡ്നാവിസ് രംഗത്തെത്തി. നവാബ് മാലിക്കിന് അധോലോക നേതാക്കളുമായുള്ള ബന്ധം പുറത്തുകൊണ്ടുവരുമെന്നായിരുന്നു ഫഡ്നാവിസിന്‍റെ മറുപടി. മരുമകനെതിരായ എൻ.സി.ബി കേസ് ലഘൂകരിക്കാനായാണ് നവാബ് മാലിക് ഇത്തരം ആരോപണങ്ങളിലൂടെ ശ്രമിക്കുന്നത്. എല്ലാ കാര്യങ്ങളും ഞാൻ പുറത്തുകൊണ്ടുവരും. തെളിവില്ലാത്ത ഒരു കാര്യവും ഞാൻ പറയാറില്ല -ഫഡ്നാവിസ് പറഞ്ഞു.
ജയദീപ് റാണയുമായി തനിക്ക് ബന്ധമുണ്ടെന്ന വാദവും ഫഡ്നാവിസ് നിഷേധിച്ചു. റിവർ മാർച്ച് എന്ന സംഘടനയുടെ ഭാഗമായി വന്ന ഒരാളാണ് നവാബ് മാലിക് ട്വീറ്റ് ചെയ്ത ചിത്രത്തിലുള്ളതെന്ന് ഫഡ്നാവിസ് പറഞ്ഞു. 'ചിത്രത്തിലുള്ള വ്യക്തി എല്ലാവരുടെയും കൂടെ നിന്ന് ചിത്രം എടുത്തിരുന്നു. എന്‍റെ ഭാര്യയുടെ കൂടെയും എന്‍റെ കൂടെയും ചിത്രമെടുത്തു. എന്‍റെ ഭാര്യ ഒരു സാമൂഹിക പ്രവർത്തകയാണ്. എന്നെ ആക്രമിക്കാൻ വഴിയില്ലാതായപ്പോൾ ഭാര്യയെ ആക്രമിക്കുകയാണ്. മാന്യത കൈവിടാൻ ഞാൻ തയാറല്ല, എങ്കിലും ഇതിന് തക്കതായ മറുപടി നൽകും -ഫഡ്നാവിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.